വീരേന്ദ്രകുമാറിനെ എൽ.ഡി.എഫിലെടുത്താൽ ഐ.എൻ.എൽ യു.ഡി.എഫിലേക്ക് പോകും . . !

INL

മലപ്പുറം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയാക്കിയാല്‍ കാല്‍നൂറ്റാണ്ടുകാലം ഇടതുമുന്നണി പ്രവേശനം കാത്തുകഴിയുന്ന ഐ.എന്‍.എല്‍ യു.ഡി.എഫിലേക്ക് പോകും. ഇതുമായി ബന്ധപ്പെട്ട് ഐ.എന്‍.എല്‍ നേതാക്കള്‍ മുസ്‌ലിം ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു.

ഐ.എന്‍.എല്‍ ലീഗില്‍ ലയിക്കണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസിനുള്ളത്. കോഴിക്കോട് നടന്ന ഐ.എന്‍.എല്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇനി കാത്തിരിപ്പും വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാട് ഐ.എന്‍.എല്‍ സ്വീകരിച്ചത്. ലയിച്ചാല്‍ ലീഗില്‍ മാന്യമായ സ്ഥാനവും പദവിയുമാണ ലീഗ് നേതൃത്വം മുന്നോട്ടുവെക്കുന്നത്.

ഐ.എന്‍.എല്‍ വിട്ട് ലീഗില്‍ ലയിച്ച മുന്‍ എം.എല്‍.എകൂടിയടായ പി.എം.എ സലാമിന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരുന്നു. ഇപ്പോള്‍ ലീഗ് സംസ്ഥാന സെക്രട്ടറികൂടിയാണ് സലാം.

24 വര്‍ഷമായി ഐ.എന്‍.എല്‍ മുന്നണി പ്രവേശനം കാത്തിരിക്കുമ്പോള്‍ യു.ഡി.എഫില്‍ എം.പി സ്ഥാനം ലഭിച്ച വീരേന്ദ്രകുമാറിനും മന്ത്രിസ്ഥാനം ലഭിച്ച ജനതാദളും ഭരണം പോയപ്പോള്‍ ഇടതുപാളയത്തില്‍ ചുവന്ന പരവതാനി വിരിക്കുന്നതിന് പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന നിലപാടാണ് ഐ.എന്‍.എല്ലിനുള്ളത്.

ബി.ജെ.പി സഖ്യകക്ഷിയായി വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായ പി.സി തോമസ് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന് ഇടതുമുന്നണി പ്രതിനിധിയായപ്പോഴും 1994 മുതല്‍ ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചുനിന്ന ഐ.എന്‍.എല്‍ എന്നും പടിക്കു പുറത്തായിരുന്നു.

ബാബറി മസ്ജിദിന്റെ തകര്‍ച്ചക്കുശേഷം മുസ്ലീം ലീഗില്‍ കലാപക്കൊടി ഉയര്‍ത്തിയാണ് ഇബ്രാഹിം സുലൈമാന്‍സേട്ട് ലീഗ് വിട്ട് ഐ.എന്‍.എല്‍ രൂപീകരിച്ചത്. സേട്ടിന്റെ പാര്‍ട്ടിക്ക് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പേരും ഭരണഘടനയും വരെ സി.പി.എം താത്വികാചാര്യന്‍ ഇ.എം.എസിന്റെ നിര്‍ദ്ദേശപ്രകാരമാണ് തയ്യാറാക്കിയത്.

ബാബറി മസ്ജിദ് തകര്‍ച്ചക്കുശേഷം ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം.പി സമദാനിയെ തോല്‍പിച്ചും ഒറ്റപ്പാലം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവരാമനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചും ഇടതുപക്ഷം മുന്നേറിയപ്പോള്‍ ശക്തിദുര്‍ഗമായി നിന്നത് ഐ.എന്‍.എല്ലായിരുന്നു.

സി.പി.എമ്മിന് ബാലികേറാമലയായിരുന്ന മലപ്പുറത്തെ മിക്ക പഞ്ചായത്തുഭരണവും സി.പി.എം പിടിച്ചെടുത്തത് ഐ.എന്‍.എല്ലിന്റെ സഹായത്തോടെയായിരുന്നു. കേരളത്തിനു പുറമെ തമിഴ്നാട്ടില്‍ അഞ്ചും കര്‍ണാടകയിലെ ഗുര്‍ബഗയില്‍ ഒരു എം.എല്‍.എയും ഐ.എന്‍.എല്ലിന് ഉണ്ടായിരുന്നു.

കോഴിക്കോട് സൗത്തില്‍ പി.എം.എ സലാം ഐ.എന്‍.എല്‍ എം.എല്‍യായിട്ടും പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എടുത്തില്ല. ഇതോടെ സലാം വിഭാഗം ഐ.എന്‍.എല്‍ വിട്ട് ലീഗില്‍ ചേരുകയായിരുന്നു. എന്നിട്ടും ഐ.എന്‍.എല്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്നു.

മലപ്പുറത്തും കാസര്‍ഗോഡും ഐ.എന്‍.എല്ലിന് സ്വാധീനമുണ്ട്. ഇനി ആരെയെങ്കിലും ഘടകക്ഷിയാക്കുന്നെങ്കില്‍ ആദ്യം ഐ.എന്‍.എല്ലിനെ എന്ന് ഇടതുമുന്നണിയും സിപിഎം നേതൃത്വവും ഉറപ്പും നല്‍കിയിരുന്നു. ഐ.എന്‍.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എ.പി.അബ്ദുല്‍ വഹാബിന് ലഭിച്ച സംസ്ഥാന പിന്നോക്ക ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് ഐ.എന്‍.എല്ലിനു നല്‍കിയ പരിഗണന.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് റാങ്കോടെ മുന്നോക്ക വികസനകോര്‍പ്പറേഷന്‍ ചെയര്‍മാാന്‍ സ്ഥാനം നല്‍കിയപ്പോഴാണ് 24 വര്‍ഷം ഒപ്പം നിന്നിട്ടും ഐ.എന്‍.എല്ലിനെ പെരുവഴിയിലാക്കിയതിനെതിരെ മുന്നണി മാറി തിരിച്ചടി നല്‍കണമെന്ന നിലപാടിലാണ് ഐ.എന്‍.എല്‍ നേതൃത്വം.Related posts

Back to top