യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമം: കാസിം ഇരിക്കൂര്‍

കൊച്ചി: കൊച്ചിയിലെ യോഗത്തിനിടെ നടന്നത് ഗുണ്ടകളെ ഇറക്കിയുള്ള അതിക്രമമെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. സമാധാനപരമായി മുന്നോട്ടുപോയ ചര്‍ച്ച പിന്നീട് അലങ്കോലമാകുകയായിരുന്നു. പി. കെ കുഞ്ഞാലിക്കുട്ടിയുടേയും എ. പി അബ്ദുള്‍ വഹാബിന്റേയും ഒരേ സ്വരമാണെന്നും അബ്ദുള്‍ വഹാബ് വിഭാഗത്തിന് മുസ്ലിം ലീഗുമായി അന്തര്‍ധാരയുണ്ടെന്നും കാസിം ഇരിക്കൂര്‍ ആരോപിച്ചു.

ഐഎന്‍എല്ലിന്റെ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഇന്ന് അരങ്ങേറിയത്. രാവിലെ ഒന്‍പത് മണിക്ക് തന്നെ യോഗം ആരംഭിച്ചിരുന്നു. ചര്‍ച്ച മുന്നോട്ടുപോകുന്നതിനിടെ അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ ഏഴ് പേര്‍ അലമുറയിട്ട് താഴേയ്ക്ക് പോയി. തുടര്‍ന്ന് ഗുണ്ടാ സംഘത്തിന്റെ അകമ്പടിയോടെ അക്രമം അഴിച്ചുവിടുകയായിരുന്നു. വളരെ ആസൂത്രിതമായി നടന്ന നാടകമാണ് ഇതെന്ന് കരുതുന്നു. പ്രകോപിതമാകുന്ന വിധത്തില്‍ ഒരു വിഷയവും ചര്‍ച്ചയ്ക്ക് എടുത്തിരുന്നില്ലെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.

യോഗത്തില്‍ അതിക്രമം ഉണ്ടാക്കിയ കോഴിക്കോട് ജില്ലാ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്നും കാസിം ഇരിക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Top