ഐഎന്‍എല്‍ പിളര്‍ന്നു; കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

കൊച്ചി: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി പിളര്‍ന്നു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തില്‍ ആലുവയില്‍ യോഗം ചേര്‍ന്നു. തോപ്പുംപടിയില്‍ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലും യോഗം ചേര്‍ന്നു. ആറ് പേരെ പുറത്താക്കണമെന്നാണ് അവേയബിള്‍ സെക്രട്ടേറിയേറ്റിന്റെ തീരുമാനം. സമാന്തര യോഗങ്ങളില്‍ തീരുമാനമെടുത്തു.

കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പി അബ്ദുള്‍ വഹാബിനെ മാറ്റാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചു. ബി ഹംസ ഹാജിക്കാണ് വര്‍ക്കിംഗ് പ്രസിഡന്റിന്റെ ചുമതല.

രാവിലെ കൊച്ചിയില്‍ പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. അതിനിടയില്‍ കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും പാര്‍ട്ടിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയില്‍ ആരോപണം ഉയര്‍ന്നു. പിഎസ്സി സീറ്റ് വില്‍പന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അനധികൃത നിയമനം തുടങ്ങിയ വിവാദങ്ങള്‍ക്ക് ഇടയിലാണ് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം കൊച്ചിയില്‍ ചേര്‍ന്നത്. പ്രോട്ടോക്കോള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തുടക്കം തന്നെ തല്ലി പിരിഞ്ഞു.

സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും തന്നിഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നടത്തുന്നത് എന്നും ഇവരുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് യോഗം പിരിച്ച് വിട്ട് മാധ്യമങ്ങളോട് തുറന്നടിച്ചു. തൊട്ട് പിന്നാലെ പ്രവര്‍ത്തകരും രണ്ട് ചേരിയായി തിരിഞ്ഞ് പരസ്പരം ആക്രമിച്ചു.

പിന്നീട് എറണാകുളം കാനോന്‍ ഷെഡ് റോഡും സാസ് ടവറും തെരുവ് യുദ്ധത്തിന് വേദിയായി. മന്ത്രിയേയും കാസിം ഇരിക്കൂറിനെയും പുറത്ത് വിടില്ല എന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ മറുകൂട്ടര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ വന്നത് സംഘര്‍ഷം ഇരട്ടിയാക്കി.

 

Top