ഐഎന്‍എല്ലിന് അന്ത്യശാസനം; ഒറ്റപാര്‍ട്ടിയായാല്‍ മാത്രം മുന്നണിയില്‍ തുടരാമെന്ന് സിപിഎം

തിരുവനന്തപുരം: ഐഎന്‍എല്‍ പ്രശ്‌നത്തില്‍ നിലപാട് കടുപ്പിച്ച് സിപിഎം. ഒറ്റപാര്‍ട്ടിയായാല്‍ മാത്രം മുന്നണിയില്‍ തുടരാമെന്ന് ഐഎന്‍എല്ലിന് സിപിഎം അന്ത്യശാസനം നല്‍കി. ഇരു വിഭാഗവും പ്രശ്‌നങ്ങള്‍ തീര്‍ത്ത് ഒന്നിക്കണമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. താക്കീത് നിലനില്‍ക്കെ പരസ്യപ്പോര് തുടര്‍ന്നാല്‍ മുന്നണി യോഗത്തില്‍ ഇരു വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നതടക്കം കടുത്ത നടപടികളും സിപിഎം ആലോചിക്കുന്നുണ്ട്.

എന്നാല്‍ മുന്നണിക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഐഎന്‍എല്‍ തമ്മില്‍ തല്ലില്‍ സിപിഎമ്മും സിപിഐയും വടി എടുത്തതോടെ അബ്ദുള്‍ വഹാബ് വിഭാഗം കടുംപിടുത്തം ഉപേക്ഷിക്കുകയാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വച്ചെന്ന് ഇടഞ്ഞുനില്‍ക്കുന്ന വഹാബ് വിഭാഗം പറഞ്ഞു.

കാസിം ഇരിക്കൂറുമായി അടുത്ത് നില്‍ക്കുന്ന മന്ത്രി അഹമ്മദ് ദേവര്‍ കോവിലുമായി അബ്ദുള്‍ വഹാബ് ചര്‍ച്ച നടത്തി. പരസ്യപ്പോര് ദൗര്‍ഭാഗ്യകരമാണെന്നും പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ തയ്യാറാണെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. അബ്ദുള്‍ വഹാബ് എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

 

Top