ink attack at prashant bhushan’s noida house after ‘krishna’ tweet

ന്യൂഡല്‍ഹി: ശ്രീകൃഷ്ണനെ പൂവാലനെന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ നിയമ വിദഗ്ദ്ധനും എഎപി നേതാവുമായ പ്രശാന്ത് ഭൂഷന്റെ വീടിനുനേരെ മഷിപ്രയോഗം.

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സെക്ടര്‍ 14 നോയ്ഡയിലെ പ്രശാന്ത് ഭൂഷന്റെ വീടിന് നേര്‍ക്ക് അജ്ഞാതര്‍ മഷി ഒഴിച്ചത്. എട്ട് പേര്‍ പ്രശാന്ത് ഭൂഷന്റെ വീടിനുമുന്നിലെത്തി വിവാദമായ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഷി ഒഴിക്കുകയായിരുന്നു.

യുപിലെ പൂവാല വിരുദ്ധ സേനയായ ആന്റി റോമിയോ സ്‌ക്വാഡിനെതിരെ ഇട്ട ട്വീറ്റില്‍ ‘റോമിയോ ഒരു സ്ത്രീയെ മാത്രമാണ് പ്രണയിച്ചത് എന്നാല്‍ ശ്രീകൃഷ്ണന്‍ ഐതിഹാസിക പൂവാലനായിരുന്നു. സേനയെ ആന്റി കൃഷ്ണന്‍ സേനയെന്നു വിളിക്കാന്‍ ആദിത്യനാഥിന് ധൈര്യമുണ്ടോയെന്നായിരുന്നു പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായതോടെ പ്രമുഖ ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ആക്രമണം നടക്കുമ്പോള്‍ പ്രശാന്ത് ഭൂഷന്‍ വീട്ടിലില്ലായിരുന്നു.പ്രശാന്ത് ഭൂഷന്റെ പേരെഴുതിയ നെയിം പ്ലെയിറ്റിനുനേരെയാണ് കരിയോയില്‍ വലിച്ചെറിഞ്ഞത്. ഭൂഷന്റെ വീട്ടിലെ ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് പൊലീസെത്തി. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് പ്രശാന്ത് ഭൂഷന്‍ വീട്ടിലെത്തുന്നത്. പൊലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കരിയോയില്‍ പ്രയോഗത്തിനുശേഷം ബിജെപി യുത്ത് മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രശാന്ത് ഭൂഷന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വീടിനുമുന്നില്‍ പ്രതിഷേധ യോഗം ചേര്‍ന്നു.20 മിനിട്ടോളം പ്രതിഷേധ പ്രകടനം നടത്തിയെങ്കിലും കരിയോയില്‍ മഷിപ്രയോഗത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.

Top