സ്റ്റോയിനിസിനു പരുക്ക്; ടി-20 ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടി

മുംബൈ: ടി-20 ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ പരുക്ക്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലാണ് സ്റ്റോയിനിസിനു പരുക്കേറ്റത്. ടി-20 ലോകകപ്പിലേക്ക് ഒരു മാസം മാത്രം അവശേഷിക്കെ സ്റ്റോയിനിസിനേറ്റ പരുക്ക് ഓസ്‌ട്രേലിയക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

അതേസമയം, താരത്തിന്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്നോ എപ്പോള്‍ ഭേദമാകുമെന്നോ വ്യക്തമല്ല. ഇന്നലെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍പ്പന്‍ ജയം കുറിച്ചിരുന്നു. 8 വിക്കറ്റിനാണ് ഡല്‍ഹി വിജയിച്ചത്. സണ്‍റൈസേഴ്‌സ് മുന്നോട്ടുവച്ച 135 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി മറികടക്കുകയായിരുന്നു.

47 റണ്‍സെടുത്ത ശ്രേയാസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ്പ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 42 റണ്‍സെടുത്തു. ഋഷഭ് പന്തും (35) ഡല്‍ഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. 9 മത്സരങ്ങള്‍ കളിച്ച ഡല്‍ഹി ഏഴ് മത്സരങ്ങളിലും വിജയിച്ചു. 14 പോയിന്റാണ് ഋഷഭ് പന്തിനും സംഘത്തിനും ഉള്ളത്.

 

Top