വീണ്ടും പരിക്ക്; റോജര്‍ ഫെഡറര്‍ ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി

സൂറിച്ച്: കാല്‍മുട്ടിലെ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. ഗ്രാസ് കോര്‍ട്ട് സീസണിടെ കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനാവാനായിട്ടില്ലെന്നും അതുകൊണ്ട് ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറുകയണെന്നും നാല്‍പതുകാരനായ ഫെഡറര്‍ ട്വിറ്ററില്‍ കുറിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുക എന്നത് അഭിമാനമാണെന്നും എന്നാല്‍ പരിക്കുമൂലം ഇത്തവണ മത്സരിക്കാനാവാത്തത് നിരാശാജനകമാണെന്നും ഫെഡറര്‍ വ്യക്തമാക്കി. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ സ്വിസ് കായികതാരങ്ങള്‍ക്കും വിജയാശംസകള്‍ നേരുന്നുവെന്നും ഫെഡറര്‍ വ്യക്തമാക്കി.

ഈ വര്‍ഷം നടന്ന ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടില്‍ ജയിച്ചശേഷം അപ്രതീക്ഷിതമായി പിന്‍മാറിയ ഫെഡറര്‍ ഗ്രാസ് കോര്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്‍മാറ്റമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഫ്രഞ്ച് ഓപ്പണ് ശേഷം നടന്ന വിംബിള്‍ഡണില്‍ ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ ഹൂബര്‍ട്ട് ഹര്‍ക്കാസിനോട് ഫെഡറര്‍ നേരിട്ടുള്ള സെറ്റുകളില്‍ തോറ്റ് പുറത്തായി.

അവസാന വിംബിള്‍ഡണ്‍ കളിച്ചു കഴിഞ്ഞോ എന്ന ചോദ്യത്തിന് അതിന് ഇപ്പോള്‍ ഉത്തരം നല്‍കാനാവില്ലെന്നും കുറച്ചു കൂടി സമയം വേണമെന്നും ഫെഡറര്‍ പറഞ്ഞിരുന്നു. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള ഫെഡറര്‍ക്കും നദാലിനുമൊപ്പം ആറാം വിംബിള്‍ഡണ്‍ ജയത്തോടെ നൊവാക്ക് ജോക്കോവിച്ചും എത്തിയിരുന്നു.

 

Top