ഓള്‍റൗണ്ടര്‍ സാം കറന്‍ ഐപിഎലില്‍ നിന്ന് പുറത്ത്

അബുദാബി: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്‍ ഐപിഎലില്‍ നിന്ന് പുറത്ത്. മുതുകിനു പരുക്കേറ്റതിനെ തുടര്‍ന്നാണ് താരം പുറത്തായത്. സാം തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഐപിഎലിനു പിന്നാലെ ടി-20 ലോകകപ്പും സാം കറന് നഷ്ടമാകും. സാം കറനു പകരം സഹോദരന്‍ ടോം കറനെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് സാം കറന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ താരം 55 റണ്‍സ് വഴങ്ങിയിരുന്നു. മത്സരത്തിനു ശേഷം നടത്തിയ സ്‌കാനില്‍ പരുക്ക് വ്യക്തമാവുകയായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പുറത്താവേണ്ടി വന്നതില്‍ വിഷമമുണ്ടെന്ന് സാം പറഞ്ഞു. ടീം കിരീടം നേടുമെന്നാണ് പ്രതീക്ഷയെന്നും ടീമിനെ പിന്തുണയ്ക്കുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പങ്കുവച്ച വിഡിയോയില്‍ താരം വ്യക്തമാക്കി.

 

Top