തൃക്കാക്കരയില്‍ പരിക്കേറ്റ കുഞ്ഞിന്റെ നില മെച്ചപ്പെട്ടു; ദ്രാവക രൂപത്തിലുള്ള ഭക്ഷണം കൊടുത്തു തുടങ്ങി

കൊച്ചി: തൃക്കാക്കരയില്‍ പരിക്കേറ്റ രണ്ടര വയസുകാരിയുടെ ആരോഗ്യ നില മെച്ചപെട്ടു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുട്ടി കണ്ണു തുറക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാവിലെ മുതല്‍ നേരിട്ട് ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം പ്രതീക്ഷ നല്‍കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവം പൊലീസിനെ അറിയിച്ചതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.സോജന്‍ ഐപ്പ് അറിയിച്ചു.

കഴിഞ്ഞ അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് സംഭവം. ആശുപത്രിയിലെവെയിറ്റിംഗ് റൂമിലെ ബാത്റൂമില്‍ കയറി ആണ് അമ്മ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചത്. ടോയ്‌ലറ്റിലേക്ക് പോയ അമ്മ അര മണിക്കൂറിനു ശേഷവും പുറത്തുവരാതെ ആയപ്പോള്‍ സംശയം തോന്നിയ സെക്യൂരിറ്റി നോക്കിയപ്പോഴാണ് ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ കൈയില്‍ ഒന്നിലധികം തവണ ബ്ലേഡ് കൊണ്ട് ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. രക്തംവാര്‍ന്ന് കിടന്ന അമ്മയെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

പിന്നാലെ വെയിറ്റിംഗ് റൂമില്‍ കുട്ടിയുടെ അമ്മൂമ്മയും ഞരമ്പ് മുറിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അമ്മൂമ്മയുടെ കൈയിലുംകഴുത്തിനും ആണ് ഞരമ്പ് മുറിച്ചിരുന്നത്. ഇത് ആഴത്തിലുള്ള മുറിവുകള്‍ അല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരെ കൗണ്‍സിലിംഗിന് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. സംഭവം പൊലീസിനെ അറിയിച്ചതായും ആശുപത്രി അധികൃതര്‍.

 

 

Top