ജെഎന്‍യു അക്രമത്തില്‍ ഇടതും, എബിവിപിയും തുല്യപങ്കാളികള്‍; പുറമെ നിന്നും ആളെ എത്തിച്ചു

മുഖം മറച്ചെത്തി ജെഎന്‍യു ക്യാംപസില്‍ അതിക്രമം കാണിച്ചത് തങ്ങള്‍ അല്ലെന്ന് വാദിക്കുകയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളും, എബിവിപിയും. എന്നാല്‍ ഇതിന് വിരുദ്ധമാണ് പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങള്‍. ജെഎന്‍യു ക്യാംപസില്‍ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ ഇടത്, എബിവിപി യൂണിയനുകളില്‍ പെട്ട വിദ്യാര്‍ത്ഥികളും, പുറമെ നിന്നുള്ള ആളുകളും എത്തിയിരുന്നതായി പ്രാഥമിക അന്വേഷണം വിരല്‍ചൂണ്ടുന്നു. ഇരുവിഭാഗത്തില്‍ നിന്നുള്ളവരും മുഖം മറച്ചാണ് ക്യാംപസില്‍ എത്തിയത്.

ഡല്‍ഹി പോലീസ് അന്വേഷിച്ചിരുന്ന കേസ് തിങ്കളാഴ്ചയാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഇടത്, എബിവിപി അംഗങ്ങള്‍ അക്രമങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച അക്രമങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവിഭാഗങ്ങളും തമ്മിലടിച്ചതായി വ്യക്തമാകുന്നത്. യൂണിവേഴ്‌സിറ്റിക്ക് അകത്തേക്ക് പുറമെ നിന്നും ആളെ എത്തിച്ചതായി ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് തെളിവ് നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പുരുഷന്‍മാരും സ്ത്രീകളും അടങ്ങുന്ന സംഘമാണ് മുഖംമറച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. രണ്ട് മണിക്കൂറോളം സംഘം അക്രമം നടത്തി. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 30 പേര്‍ക്കാണ് പരുക്കേറ്റത്. എബിവിപിയും, ജെഎന്‍യുഎസ്‌യുവും പരസ്പരം പഴിചാരുന്നതിന് ഇടെയാണ് ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ പുറത്തുവരുന്നത്.

വാട്‌സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ചാറ്റ് ചെയ്തവരെ തിരിച്ചറിയാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. ഈ ചാറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Top