കോവിഡ് 19; വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്

ബെംഗളൂരു: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കാനൊരുങ്ങി ഇന്‍ഫോസിസ്. നിലവിലെ വര്‍ക്ക് ഫ്രം ഹോം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ഈ മാതൃക സ്ഥിരമാക്കാന്‍ ഇന്‍ഫോസിസ് തീരുമാനിച്ചത്.

ഇന്‍ഫോസിസിന്റെ 39-ാം വാര്‍ഷിക സമ്മേളനത്തില്‍ ഓഹരി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ വര്‍ക്ക് ഫ്രം ഹോം മാതൃക ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യു.ബി.പ്രവീണ്‍ റാവു പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, പദ്ധതികള്‍ എന്നിവയെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ വര്‍ക്ക് ഫ്രം ഹോം മാതൃക അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ ഇന്‍ഫോസിസിന് കഴിഞ്ഞതായി ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു. അതിന് സാധിച്ചത് 46 രാജ്യങ്ങളിലായി ജോലി ചെയ്യുന്ന കമ്പനിയുടെ 2,40,000 ജീവനക്കാരില്‍ 93 ശതമാനം പേരും വീടുകളില്‍ ഇരുന്ന് ജോലി ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യകരമായ ഇടപാടുകളും, വരുമാനത്തിലെ വര്‍ധനവും കാരണം കമ്പനിക്ക് 3.6 ബില്യണ്‍ ഡോളറിന്റെ ശക്തമായ ബാലന്‍സ് ഷീറ്റ് ഉണ്ടെന്ന് ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് വ്യക്തമാക്കി.

അതേസമയം, ഇന്‍ഫോസിസിന്റെ മുഖ്യ എതിരാളിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 2025 ആകുന്നതോടെ 75 ശതമാനം ജീവനക്കാരെയും സ്ഥിരമായി വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറ്റുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 4.48 ലക്ഷം ജീവനക്കാരാണ് ടിസിഎസില്‍ ജോലി ചെയ്യുന്നത്.

Top