ഡ്രൈവറില്ലാത്ത വാഹനവുമായി പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസും

ഡ്രൈവറില്ലാത്ത വാഹനവുമായി ഇന്‍ഫോസിസും വരുന്നു. ഡ്രൈവറില്ലാ വാഹനത്തില്‍ ഓഫീസില്‍ എത്തിയ ഇന്‍ഫോസിസ് തലവന്‍ വിശാല്‍ സിക്കയാണ്, കമ്പനിയുടെ ഭാവി പദ്ധതികളെ കുറിച്ച് സൂചന നല്‍കിയത്.

സെന്‍സറുകള്‍ക്ക് ഒപ്പമാണ് ഡ്രൈവര്‍ ഇല്ലാ (ഓട്ടോണമസ്) വാഹനത്തെ ഇന്‍ഫോസിസ് എഞ്ചിനീയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. പരിസരം വിലയിരുത്തി മനുഷ്യസഹായമില്ലാതെ നിയന്ത്രിക്കാന്‍ സെന്‍സറുകള്‍ സഹായിക്കുന്നു.

കൂടാതെ, അത്യാധുനിക കണ്‍ട്രോള്‍ സിസ്റ്റം മുഖേന, റോഡിലെ പ്രതിബന്ധങ്ങളും ദിശാ സൂചികകളും മനസിലാക്കി സഞ്ചരിക്കാന്‍ പര്യാപ്തമാണ് വിശാല്‍ സിക്ക വെളിപ്പെടുത്തിയ ഓട്ടോണമസ് വാഹനം.

വിശാല്‍ സിക്കയ്ക്ക് പിന്നാലെ ഇന്‍ഫോസിസും പുതിയ നേട്ടത്തില്‍ ആഹ്ലാദം പങ്കിട്ടു. ട്വിറ്ററിലൂടെയാണ് പുതിയ ഓട്ടോണമസ് വാഹനത്തെ ഇന്‍ഫോസിസും പരിചയപ്പെടുത്തിയത്.

ഡ്രൈവര്‍ ഇല്ലാ വാഹനത്തിന്റെ ചിത്രം സഹിതമാണ് ഇന്‍ഫോസിസ് തലവന്‍ വിശാല്‍ സിക്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മൈസൂരുവിലെ എഞ്ചിനീയറിംഗ് വിഭാഗമാണ് ഡ്രൈവര്‍ ഇല്ലാ വാഹനം നിര്‍മ്മിച്ചതെന്ന് ട്വീറ്റിലൂടെ വിശാല്‍ സിക്ക വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുന്ന അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഇന്‍ഫോസിസ് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണെന്ന് സൂചിപ്പിച്ച വിശാല്‍ സിക്ക, മറ്റ് ഇന്‍ഫോസിസ് ജീവനക്കാര്‍ക്കും ഇതിലുള്ള പരിശീലനം നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

Top