കമ്പനി ഡയറക്ടര്‍മാരെ മദ്രാസികള്‍’എന്ന് വിളിച്ചു; ഇന്‍ഫോസിസ് സിഇഒയ്ക്കെതിരെ പരാതി

ബെംഗളൂരു: കമ്പനി ഡയറക്ടര്‍മാരെ ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് ‘മദ്രാസികള്‍’ എന്ന് വിളിച്ച് അവഹേളിച്ചുവെന്ന പരാതിയുമായി ജീവനക്കാര്‍ രംഗത്ത്. സ്വതന്ത്ര ഡയറക്ടര്‍മാരായ സി സുന്ദരം, ഡി എന്‍ പ്രഹ്ളാദ് എന്നിവരെ ‘മദ്രാസികള്‍’ എന്ന് വിളിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

വരുമാനവും ലാഭവും ഉയര്‍ത്താന്‍ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ഇന്‍ഫോസിസ് മേധാവികള്‍ക്കെതിരെ പേര് വെളിപ്പെടുത്താത്ത ചില ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്.

ബയോകോണ്‍ കമ്പനി ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍ ഷാ യെ സലില്‍ പരേഖ് ‘ദിവ’ എന്ന് പരിഹാസരൂപേണ വിളിച്ചതായും കത്തില്‍ പറയുന്നു. ദിവ എന്നാല്‍ സൗന്ദര്യറാണി, ദേവത എന്നൊക്കെയാണ് അര്‍ഥം. ഇന്‍ഫോസിസിന്റെ പത്തംഗ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡംഗം കൂടിയാണ് കിരണ്‍.

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന് സെപ്റ്റംബര്‍ 20 ന് കൈമാറിയ കത്തില്‍ സലില്‍ ചൗധരിയ്ക്കെതിരെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിരഞ്ജന്‍ റോയിക്കെതിരെയും അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇരുവരുടേയും ഇ-മെയിലുകളില്‍ നിന്നും ഫോണ്‍ സന്ദേശങ്ങളില്‍ നിന്നും ഇത് വ്യക്തമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

ജീവനക്കാരുടെ ആരോപണങ്ങള്‍ ഓഡിറ്റ് കമ്പനിയ്ക്ക് മുമ്പാകെ വെച്ചിട്ടുണ്ടെന്നും കമ്പനിയുടെ നയങ്ങള്‍ക്കനുസരിച്ച് നടപടിയെടുക്കുമെന്നും അധികൃതര്‍ തിങ്കളാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

Top