ഇന്‍ഫോസിസ് ഈ വര്‍ഷം 20,000 പേരെ നിയമിക്കുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് ഈ വര്‍ഷം 20,000 പേരെ നിയമിക്കുമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ യു.ബി. പ്രവീണ്‍ റാവു.

ഐ.ടി. രംഗത്ത് വന്‍തോതില്‍ പിരിച്ചുവിടല്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പെരുപ്പിച്ച കണക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു. മോശം പ്രകടനത്തിന്റെ പേരില്‍ 400 പേരെ മാത്രമാണ് ഇന്‍ഫോസിസ് പിരിച്ചുവിട്ടതെന്നും റാവു വ്യക്തമാക്കി. ഐ.ടി. കമ്പനികള്‍ ചെറുപ്പക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നതിനെതിരെ നാരായണമൂര്‍ത്തിയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ഇന്‍ഫോസിസിന്റെ വിശദീകരണം.

ഇത് എല്ലാ വര്‍ഷവും നടക്കുന്ന കാര്യമാണ്. ഇന്‍ഫോസിസ് കോ-ചെയര്‍മാന്‍ രവി വെങ്കടേശനൊപ്പം ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ചെറുപ്പക്കാരുടെ ജോലി സംരക്ഷിക്കാന്‍ കമ്പനി മേധാവികള്‍ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറാകണമെന്നായിരുന്നു മൂര്‍ത്തിയുടെ പ്രസ്താവന.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.), ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ വന്‍തോതിലുള്ള നിയമനം തുടരുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ടി.സി.എസ്. മൂന്നു വര്‍ഷത്തിനിടെ രണ്ടര ലക്ഷം പേര്‍ക്കാണ് തൊഴിലവസരമൊരുക്കിയത്. ഈ വര്‍ഷം 20,000 പേരെ അവരും നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Top