81 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി വിറ്റു ; സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: എണ്‍പത്തിയൊന്നു കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍.) ഡേറ്റാ ബാങ്കില്‍നിന്ന് ചോര്‍ത്തി വിറ്റു. സംഭവത്തില്‍ നാലുപേരെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. ഒഡിഷയില്‍നിന്നുള്ള എന്‍ജിനിയറിങ് ബിരുദധാരി, സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത രണ്ടു ഹരിയാണ സ്വദേശികള്‍, ഝാന്‍സിയില്‍നിന്നുള്ള ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായുള്ള കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ടുമാസം പിന്നിടുമ്പോഴാണ് നടപടി. കഴിഞ്ഞയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെ മൂന്നുവര്‍ഷംമുമ്പാണ് പരിചയപ്പെട്ടതെന്നും വേഗത്തില്‍ പണം സമ്പാദിക്കാനാണ് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് അറസ്റ്റിലായവരുടെ പ്രാഥമിക മൊഴി. യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ., പാകിസ്താന്റെ കംപ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡ് (സി.എന്‍.ഐ.സി.) എന്നിവ സംബന്ധിച്ച വിവരങ്ങളും ചോര്‍ത്തിയതായി ചോദ്യംചെയ്യലില്‍ കണ്ടെത്തി.

കോവിഡ് കാലത്ത് പരിശോധന, കുത്തിവെപ്പ്, രോഗനിര്‍ണയം മുതലായവയ്ക്ക് ഐ.സി.എം.ആര്‍. ശേഖരിച്ച ഇന്ത്യക്കാരുടെ ആധാര്‍, പാസ്പോര്‍ട്ട് വിവരങ്ങളാണ് പ്രതികള്‍ ഒക്ടോബറില്‍ ചോര്‍ത്തി വില്‍പ്പനയ്ക്കുവെച്ചത്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് ഇത് കണ്ടെത്തിയത്. ഡിംസംബര്‍ ആദ്യമാണ് ഡല്‍ഹി പോലീസ് സ്വമേധയാ കേസെടുക്കുകയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.
ഡേറ്റ ചോര്‍ത്താന്‍ ശ്രമം നടന്നിട്ടുണ്ടെന്നും എന്നാല്‍, വിവരങ്ങള്‍ കൈമോശം വന്നിട്ടില്ലെന്നും കഴിഞ്ഞമാസം കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

Top