Inflation rate increased

ന്യൂഡല്‍ഹി: നാണ്യപ്പെരുപ്പ നിരക്കില്‍ വര്‍ധന. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ജൂണില്‍ 1.62 ശതമാനത്തിലെത്തി. ഇത് വിലക്കയറ്റത്തിനാണ് സൂചന നല്‍കുന്നത്.

തുടര്‍ച്ചയായ മൂന്നാം മാസമാണ് നാണ്യപ്പെരുപ്പം ഉയരുന്നത്. മേയില്‍ 0.79 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ മൈനസ് 2.13 ശതമാനവും. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, നിര്‍മാണ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കയറ്റമാണ് കാരണം.

ചില്ലറ വില്‍പന വില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ജൂണില്‍ 5.77 ശതമാനത്തില്‍ എത്തിയിരുന്നു. 22 മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

ഇതിന്റെ ചുവടുപിടിച്ചാണ് മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്കിലും വര്‍ധനയുണ്ടായത്. ഇതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്കും മങ്ങലേറ്റു. ഓഗസ്റ്റ് ഒന്‍പതിനാണ് അടുത്ത വായ്പാ നയ അവലോകനം.

ഭക്ഷ്യ ഉല്‍പന്ന വില സൂചിക 8.18 ശതമാനമായി. പച്ചക്കറി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര വിലയിലെ കുതിച്ചുകയറ്റമാണ് കാരണം. ഉരുളക്കിഴങ്ങ് വിലയിലുണ്ടായ വര്‍ധന 64.48 ശതമാനമാണ്. പച്ചക്കറി വിലക്കയറ്റം 16.91 ശതമാനവും.

വില വര്‍ധന രേഖപ്പെടുത്തിയ മറ്റ് ഉല്‍പന്നങ്ങള്‍: പയര്‍ വര്‍ഗങ്ങള്‍ 26.61%, പഞ്ചസാര 26.09%, പഴവര്‍ഗങ്ങള്‍ 5.97%, ധാന്യങ്ങള്‍ 6.32%.ഒന്നര വര്‍ഷമായി നാണ്യപ്പെരുപ്പം കുറഞ്ഞ തലത്തില്‍ തുടരുകയായിരുന്നു.

പലിശ കുറച്ച് പണ ലഭ്യത ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും വിലക്കയറ്റം രൂക്ഷമാകുമെന്ന നിലപാടിലാണ് റിസര്‍വ് ബാങ്ക്.

Top