വിലക്കയറ്റം രൂക്ഷം; സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന്റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണ്. ഇറച്ചിക്കോഴിയുടെ വില 260 രൂപയിലെത്തിയെങ്കില്‍ ഇപ്പോള്‍ പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ്. പച്ചമുളകിനും മുരിങ്ങക്കയ്ക്കും വില ഇരട്ടിയായി വര്‍ധിച്ചു. ബീന്‍സിനും പയറിനും വില കൂടി. ഇഞ്ചി വില ഡബിള്‍ സെഞ്ചറി അടിച്ചു.

തക്കാളിക്കും വെളുത്തുള്ളിക്കും ഉള്‍പ്പെടെ എല്ലാത്തിനും റെക്കോര്‍ഡ് വില വര്‍ധനവാണ്. പിണറായി സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാതെ ജനങ്ങളുടെ നടുവൊടിക്കുകയാണ്. ഹോര്‍ട്ടികോര്‍പ്പിലും മാവേലി സ്റ്റോറുകളിലും പച്ചക്കറികള്‍ കിട്ടാനില്ല. കരിഞ്ചന്തക്കാരെ സഹായിക്കാന്‍ വേണ്ടിയാണ് പച്ചക്കറികള്‍ സംഭരിക്കാത്തതെന്ന് വ്യക്തമാണ്.

മഴക്കാലത്ത് കേരളത്തില്‍ ഭക്ഷണം കഴിക്കാന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. ട്രോളിങ് നിരോധനം വന്നതോടെ മത്സ്യത്തിനും വില ഇരട്ടിയായി. സര്‍ക്കാര്‍ നിസംഗത തുടരുന്നതു കാരണം മത്സ്യത്തൊഴിലാളികള്‍ കഷ്ടപ്പെടുകയാണ്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം.

അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. ഇന്ധനനികുതി, വൈദ്യുതി ചാര്‍ജ്, വെള്ളക്കരം തുടങ്ങി എല്ലാത്തിനും സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചതാണ് അവശ്യ സാധനങ്ങള്‍ക്ക് വിലകയറാന്‍ കാരണം. ശ്രീലങ്കയിലെയും പാക്കിസ്ഥാനിലെയും അവസ്ഥയിലേക്കാണ് പിണറായി വിജയന്‍ കേരളത്തെയും കൊണ്ടു പോവുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Top