പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. സെപ്റ്റംബറില്‍ 10.66 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ 12.54 ശതമാനമായി ഉയര്‍ന്നു. ഒരൊറ്റ വര്‍ഷത്തിനിടെ വലിയ കുതിപ്പാണ് മൊത്തവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പ നിരക്കില്‍ ഉണ്ടായത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 1.31 ശതമാനമായിരുന്നു മൊത്തവില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക്. മിനറല്‍ ഓയില്‍, ലോഹം, ഭക്ഷ്യവസ്തു, അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, രാസവസ്തുക്കള്‍ എന്നിവയുടെ വിലയില്‍ ഒരുവര്‍ഷത്തിനിടെ ഉണ്ടായ വലിയ വര്‍ധനവാണ് പണപ്പെരുപ്പ നിരക്ക് കുതിച്ചുയരാന്‍ കാരണമായത്.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഒക്ടോബറില്‍ നേരിയ തോതില്‍ ഉയര്‍ന്ന് 4.48ശതമാനമായിരുന്നു. സെപ്റ്റംബറില്‍ 4.35ശതമാനമായിരുന്നു റീടെയ്ല്‍ പണപ്പെരുപ്പ നിരക്ക്. രാജ്യത്തെ മൊത്ത ഭക്ഷ്യ വില സൂചിക ഒക്ടോബറില്‍ 3.06 ശതമാനമാണ്. 1.14 ശതമാനമായിരുന്നു സെപ്തംബറിലെ തോത്. സെപ്തംബറിനെ അപേക്ഷിച്ച് പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വിലയില്‍ ഒക്ടോബറില്‍ അഞ്ച് ശതമാനത്തോളം വിലവര്‍ധനവുണ്ടായി. അതേസമയം നവംബറില്‍ കേന്ദ്രം ഇന്ധന വിലയിലെ എക്‌സൈസ് തീരുവ ഇളവ് ചെയ്തത് നേരിയ തോതിലെങ്കിലും പണപ്പെരുപ്പ നിരക്കിനെ സ്വാധീനിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Top