പണപ്പെരുപ്പം; എംപിസിയുടെ അടിയന്തിര യോഗം ഇന്ന്

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ കമ്മിറ്റി ഇന്ന് അടിയന്തിര യോഗം ചേരും. തുടർച്ചയായ മൂന്ന് പാദങ്ങളിൽ പണപ്പെരുപ്പം ആർബിഐയുടെ നിർബന്ധിത പരിധിക്കുള്ളിൽ നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം യോഗം ചർച്ച ചെയ്യും. ഇതിനെ കുറിച്ചുള്ള വിശദീകരണം കത്തിലൂടെ സർക്കാരിന് നൽകുകയും ചെയ്യും. ആദ്യമായാണ് ആർബിഐയുടെ എംപിസി കമ്മിറ്റി സർക്കാരിന് വിശദീകരണം നൽകുന്നത്.

യോഗത്തിന് ശേഷം പണപ്പെരുപ്പം തടയാൻ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ആർബിഐ കത്തിൽ പരാമർശിക്കും. തുടർച്ചയായ മൂന്ന് പാദങ്ങളിൽ, 2 മുതൽ 6 ശതമാനം വരെയുള്ള ആർബിഐയുടെ നിർബന്ധിത പരിധിക്ക് മുകളിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. എന്തുകൊണ്ടാണ് പണപ്പെരുപ്പം കൈവിട്ടു പോകുന്നതെന്ന വിശദീകരണവും സർക്കാരിന് കമ്മിറ്റി നൽകണം.

സർക്കാരിന് നൽകുന്ന വിശദീകരണ കത്ത് പൊതുജനങ്ങൾക്ക് ഉടൻ ലഭ്യമാകില്ലെങ്കിലും പിന്നീട് അത് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചേക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പറഞ്ഞു. ജനുവരി മുതൽ ഇന്ത്യയിലെ ഉപഭോക്തൃ വില 6 ശതമാനത്തിന് മുകളിൽ ഉയർന്നിരുന്നു. ഏപ്രിലിൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. തുടർന്ന് പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ , തുടർച്ചയായി നാല് തവണ ആർബിഐ റിപ്പോ നിരക്ക് ഉയർത്തി. 190 ബേസിസ് പോയിന്റ് വർധനയാണ് നാല് തവണയായി വരുത്തിയത്.

പണപ്പെരുപ്പം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിലാണ് എംപിസിയുടെ അടിയന്തിര യോഗം. സെപ്റ്റംബർ 30 നായിരുന്നു മുൻപ് എംപിസി കമ്മിറ്റി യോഗം ചേർന്നിട്ടുണ്ടായിരുന്നത്. അടുത്ത യോഗം ഡിസംബർ 5 നും 7 നും ഇടയിലായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ ഗവൺമെന്റിന് വിശദീകരണം നൽകേണ്ടതിനാൽ അടിയന്തിര യോഗം ചേരുകയാണ്. വിലക്കയറ്റം പിടിച്ചു നിർത്താൻ എടുത്തേക്കാവുന്ന സമയവും അതിന്റെ കാരണങ്ങളും പരിഹാരങ്ങളും സർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ പരാമർശിക്കും.

Top