ശബരിമലയില്‍ നരകയാതന; അവഗണിക്കുന്നത് സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യ കൊണ്ട്; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തീര്‍ത്ഥാടകരോട് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് പരമദ്രോഹമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഭക്തര്‍ക്ക് കുടിവെള്ളം പോലും കിട്ടുന്നില്ല. പ്രശ്നം പരിഹരിക്കുന്ന ഒരു മന്ത്രിയെ അയക്കണം. സര്‍ക്കാര്‍ ഇങ്ങനെ ഇതിനെ കൈകാര്യം ചെയ്യാന്‍ ആണ് ഉദ്ദേശമെങ്കില്‍ വലിയ സമരങ്ങളിലേക്ക് ബിജെപി കടക്കും എന്നും അദ്ദേഹം.

ഈ മണ്ഡല കാലത്ത് ശബരിമലയില്‍ ആവശ്യമായ ഒരു മുന്നൊരുക്കവും സര്‍ക്കാര്‍ നടത്തിയിരുന്നില്ലെന്ന് നേരത്തെ തന്നെ ബിജെപി മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് കാരണം നരകയാതനയാണ് തീര്‍ത്ഥാടകര്‍ സഹിക്കേണ്ടി വരുന്നത്. കുഞ്ഞു മാളികപ്പുറം അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത് ഏറെ സങ്കടപ്പെടുത്തിയ വാര്‍ത്തയായിരുന്നു. അയ്യപ്പന്‍മാര്‍ക്ക് പല സ്ഥലങ്ങളിലും കുടിവെള്ളം പോലും വിതരണം ചെയ്യാനുള്ള സംവിധാനം അധികൃതര്‍ ഒരുക്കിയിട്ടില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൂടാതെ മാളികപ്പുറങ്ങള്‍ക്ക് ശുചിമുറിയോ വസ്ത്രം മാറാനുള്ള കേന്ദ്രങ്ങളോ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടില്ല. നിരവധി ഭക്തന്‍മാര്‍ എത്തുന്ന ശബരിമലയെ അവഗണിക്കുന്നതിന് പിന്നില്‍ പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യമാണെന്ന് വ്യക്തമാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പന്‍മാരോട് വളരെ മോശമായാണ് പലപ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. ആചാരലംഘനം നടത്തി ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം അയ്യപ്പഭക്തര്‍ പരാജയപ്പെടുത്തിയതാണ് പിണറായി സര്‍ക്കാരിന്റെ പകയ്ക്ക് കാരണമെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top