സ്വർണക്കടത്ത് പ്രതികളെ ഉപയോഗിച്ച് ആക്ഷേപം പരത്തുന്നു: കോടിയേരി

തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയും കോൺഗ്രസും ഒക്കച്ചങ്ങാതിമാരായി. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങളുടെ മറവിൽ സമര കോലാഹലവും അക്രമവും സൃഷ്ടിക്കാൻ ശ്രമമെന്നും കോടിയേരി ആരോപിച്ചു.

എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ പ്രതിപക്ഷം അധാർമിക മാർഗങ്ങൾ സ്വീകരിക്കുന്നു. മോദി ഭരണത്തിന്റെയും സംഘപരിവാറിന്റെയും കണ്ണിലെ കരടാണ്‌ പിണറായി വിജയനും, എൽഡിഎഫ് സർക്കാരും. സർക്കാരിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ കോൺഗ്രസിനും യുഡിഎഫിനും സമാന നിലപാടാണ്. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇക്കൂട്ടരുടെ അധമരാഷ്ട്രീയം കൊണ്ടുകഴിയില്ലെന്നും കോടിയേരി.

തദ്ദേശഭരണതെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ചർവിതചർവണം ചെയ്ത കേസാണ് വീണ്ടും ജീവൻവയ്‌പിച്ചിരിക്കുന്നത്. ജനങ്ങൾ തള്ളിയ പെരുംനുണ വീണ്ടും എഴുന്നള്ളിക്കുന്നവരെ നാട് ഒറ്റപ്പെടുത്തും. തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവിൽ അക്രമവും അരാജകത്വവും സൃഷ്ടിച്ച് എൽഡിഎഫ് ഭരണത്തിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങളെ തടയാനിറങ്ങുന്ന പ്രതിപക്ഷനയം വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു.

Top