കുത്തിവെപ്പിന് ഒരേ സിറിഞ്ച് ; യുപിയില്‍ 21 പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തി

vaccinenews

ഉത്തര്‍പ്രദേശ്: യുപിയിലെ ഉന്നാവോ ജില്ലയില്‍ 21 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി റിപ്പോര്‍ട്ട്. ഉന്നാവോയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്പി ചൗധരിയാണ് ഞെട്ടിപ്പിക്കുന്ന വിവരവുമായി രംഗത്തെത്തിയത്. ഒരേ സിറിഞ്ച് തന്നെ കുത്തിവെപ്പിനെടുത്തതാണ് ഇത്തരത്തില്‍ എച്ച്‌ഐവി ബാധിക്കാന്‍ കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്.

സംസ്ഥാനത്തെ എച്ച്.ഐവി ബാധിതരുടെ എണ്ണത്തിലെ വര്‍ധനവിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് രണ്ടംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഉന്നാവോ ജില്ലയിലെ ബംഗമൂരു പ്രദേശത്ത് ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ബംഗമൂരുവിലെ പ്രേംഗഞ്ച്, ചക്കമീര്‍പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ പരിശോധനയ്ക്ക് എത്തിയത്.

2018 ജനുവരി 24 മുതല്‍ 27 വരെയുള്ള തീയതികളില്‍ ഈ പ്രദേശത്ത് ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുകയും, രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. 566 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ 21 പേര്‍ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തയത്.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അയല്‍ഗ്രാമത്തില്‍ നിന്നുള്ള ഡോക്ടര്‍ രാജേന്ദ്ര കുമാര്‍ എന്നൊരാളെ കുറിച്ച് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞത്. കുറഞ്ഞ ഫീസില്‍ ചികിത്സ നല്‍കുന്ന ഇയാള്‍, ഒരേ സിറിഞ്ചു തന്നെയാണ് എല്ലാവര്‍ക്കും കുത്തിവെക്കാന്‍ ഉപയോഗിച്ചത്. ഗ്രാമത്തില്‍ എച്ച്‌ഐവി ബാധിതര്‍ ഉയരാന്‍ കാരണം ഇതാണെന്നാണ് ചൗധരി പറയുന്നത്.

എച്ച്‌ഐവി ബാധ കണ്ടെത്തിയവരെ കാണ്‍പൂരിലെ ആശുപത്രിയില്‍ അടിയന്തിര ചിക്തസയ്ക്ക് വിധേയരാക്കി. മരുന്നിന്റെ ഡോസ് കൂട്ടി നല്‍കി എച്ച്‌ഐവി വൈറസിന്റെ വളര്‍ച്ചയുടെ തോത് തടസ്സപ്പെടുത്താന്‍ സാധിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് കുമാറിനെതിരെ ബംഗമൂരു പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ് ഉത്തരവിട്ടു.

പ്രതി രാജേന്ദ്രകുമാര്‍ ലൈസന്‍സില്ലാതെയാണ് ഗ്രാമത്തില്‍ ചികിത്സ നടത്തിയിരുന്നത്. പുറത്ത് നിന്നെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരും മറ്റ് നിരവധി എച്ച് ഐവി ബാധിതരും ഇയാളുടെ അടുത്ത് ചികിത്സ തേടി എത്താറുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

2016-അവസാനത്തോടെ ഇന്ത്യയിലെ എച്ച്‌ഐവി ബാധിതരുടെ എണ്ണം 2.1 ദശലക്ഷം കവിഞ്ഞു. 2016-ല്‍ മാത്രം 80,000 പേരിലാണ് രോഗം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2005 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് 1,50,000 പേരിലാണ് എച്ചഐവി ബാധ കണ്ടെത്തിയത്.

Top