കുഞ്ഞ് മറ്റൊരാളുടേതെന്ന് സംശയം, യുവാവ് നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചു

കുഞ്ഞ് മറ്റൊരാളുടേതെന്ന് സംശയിച്ച് ഒഡിഷയില്‍ നവജാത ശിശുവിനെ കൊല്ലാന്‍ ശ്രമം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നും കുഞ്ഞ് അയാളുടേതാണ് എന്നും സംശയിച്ചാണ് അച്ഛന്‍ നവജാതശിശുവിനെ വിഷം കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചത്.

ഒഡീഷയിലെ ബാസലോര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ചന്ദന്‍ മഹാന എന്ന യുവാവാണ് നവജാതശിശുവിനെ വിഷം കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ചത്. കുഞ്ഞിനെ ബാലസോറിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ നില ?ഗുരുതരമായി തന്നെ തുടരുകയാണ് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷമായിരുന്നു ചന്ദന്റെയും ഭാര്യയുടേയും വിവാഹം കഴിഞ്ഞിട്ട്. 20 ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും പിറന്നു. എന്നാല്‍, ചന്ദന് കുഞ്ഞ് തന്റേതല്ല എന്ന് സംശയമുണ്ടായിരുന്നു.

തിങ്കളാഴ്ച കുഞ്ഞിന്റെ പേരിടല്‍ ചടങ്ങായിരുന്നു. പേരിട്ട് കഴിഞ്ഞ് തൊട്ട് പിന്നാലെയാണ് ചന്ദന്‍ കുഞ്ഞിന്റെ ദേഹത്ത് വിഷം കുത്തി വച്ച് അവളെ കൊല്ലാന്‍ ശ്രമിച്ചത്. ആ സമയത്ത് ഇയാളുടെ ഭാര്യ കുളിക്കുകയായിരുന്നു. തിരികെ എത്തിയ ഭാര്യയാണ് കുഞ്ഞിന് സമീപത്തായി സിറിഞ്ച് കണ്ടത്. പിന്നാലെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധികം വൈകാതെ തന്നെ ചന്ദന്‍ അറസ്റ്റിലാവുകയും ചെയ്തു. ഭാര്യയോടുള്ള സംശയവും ദേഷ്യവുമാണ് കുഞ്ഞിനെ കൊലപ്പെടുത്താനായി ശ്രമിച്ചതിന് പിന്നിലെ കാരണം എന്ന് ചന്ദന്‍ പൊലീസിനോട് സമ്മതിച്ചതായാണ് എസ് പി സാഗരിക നാഥ് മാധ്യമങ്ങളോട് പറഞ്ഞത്.

Top