ശിശുമരണങ്ങള്‍; മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയിലെത്തും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ തുടര്‍ച്ചയായ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയിലെത്തും. അഗളിയില്‍ രാവിലെ പത്തിന് യോഗം ചേരും. വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി, വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതിനെക്കുറിച്ച് മന്ത്രിയോട് ജനപ്രതിനിധികള്‍ ആവശ്യമുന്നയിക്കും.ആദിവാസി അമ്മമാര്‍ക്കുളള ജനനി ജന്മരക്ഷാ പദ്ധതി മുടങ്ങിയതും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.സംസ്ഥാന ആരോഗ്യവകുപ്പും ഗൗരവത്തോടെയാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കാണുന്നത്

അട്ടപ്പാടിയില്‍ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്. വീട്ടിയൂര്‍ ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് മരിച്ചത്. നാല് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ ശിശുമരണമാണ്.

 

Top