അസമത്വത്തില്‍ ഇന്ത്യ മുന്നില്‍; ജാതീയമായ അസമത്വം സമ്പത്തിലും പ്രതിഫലിക്കുന്നു

സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം മുന്‍പന്തിയില്‍. പാവപ്പെട്ടവനും പണക്കാരനുമെന്ന അന്തരം ഏറിവരുന്നത് ജാതീയമായ അസമത്വങ്ങള്‍ വര്‍ധിക്കുന്നതിനനുസൃതമായാണെന്നും പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു.

രാജ്യത്ത് മുന്നാക്കജാതിവിഭാഗങ്ങളാണ് സമ്പത്തിന്റെ ഏറിയ പങ്കും കയ്യടക്കിയിരിക്കുന്നതെന്നാണ് വെല്‍ത്ത് ഇനിക്വാലിറ്റി, ക്ലാസ് ആന്റ് കാസ്റ്റ് ഇന്‍ ഇന്ത്യ 1961-2012 എന്ന പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലോകരാജ്യങ്ങളിലെ സാമ്പത്തികഅസമത്വത്തെക്കുറിച്ച് പഠിക്കുന്ന വേള്‍ഡ് ഇനിക്വാലിറ്റി ഡേറ്റാബേസിന്റേതാണ് ഈ പഠനറിപ്പോര്‍ട്ട്.

ശരാശരി ദേശീയ വരുമാനത്തിന്റെ 21 ശതമാനം മാത്രമാണ് എസ്.സി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത്. എസ്.ടി വിഭാഗങ്ങള്‍ക്കാകട്ടെ ഇത് 34 ശതമാനമാണ്. ആകെ സമ്പത്തിന്റെ കാര്യമെടുത്താല്‍ ജനസംഖ്യയുടെ 20 ശതമാനത്തിനടുത്ത് വരുന്ന എസ്.സി വിഭാഗത്തിന് സമ്പത്തിന്റെ 11 ശതമാനമാണ് സ്വന്തമായുള്ളത്. എസ്.ടി വിഭാഗത്തിനുള്ളതാവട്ടെ വെറും 2 ശതമാനവും. ഒബിസി വിഭാഗത്തിന്റെ കയ്യിലുള്ളത് 32 ശതമാനം സമ്പത്താണ്.

ബ്രാഹ്മണര്‍ക്ക് ശരാശരി ദേശീയ വരുമാനത്തിന്റെ 47 ശതമാനത്തിലധികം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. മറ്റ് മുന്നാക്ക ജാതിവിഭാഗങ്ങള്‍ക്ക് ദേശീയ വരുമാനത്തിന്റെ 45 ശതമാനത്തിലധികം വരുമാനം ലഭിക്കുന്നു. കണക്കുകള്‍ പ്രകാരം വരുമാനം അനുസരിച്ച് മേല്‍ജാതിക്കാര്‍ക്ക് ആനുപാതികമല്ലാത്ത സാമ്പത്തികഗുണം ലഭിക്കുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്നാക്ക ജാതിക്കാര്‍ക്കിടയിലും സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നുണ്ട്. ബ്രാഹ്മണര്‍ മറ്റുള്ളവരെക്കാള്‍ 48 ശതമാനം അധികം വരുമാനം നേടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 36 വര്‍ഷത്തിനുള്ളില്‍ മുന്നാക്കവിഭാഗങ്ങളിലെ മേല്‍ത്തട്ടിലുള്ളവര്‍ അവരുടെ സമ്പത്ത് 24 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്.

2018ലെ മാത്രം കണക്കെടുത്താല്‍ ഇന്ത്യയിലെ സമ്പത്തിന്റെ 55 ശതമാനവും കയ്യടക്കിവച്ചിരിക്കുന്നത് വെറും 10 ശതമാനം പേരാണ്. ഇത്തരക്കാരുടെ സമ്പത്തില്‍ 1980ന് ശേഷം 31 ശതമാനം വര്‍ധനയാണ് വന്നിട്ടുള്ളത്.

പിന്നാക്കവിഭാഗങ്ങളിലും ജാതീയമായി മേല്‍ത്തട്ടിലുള്ളവരിലാണ് സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.പിന്നാക്കക്കാരുടെ ആകെ സമ്പത്തിന്റെ 52 ശതമാനമാണ് മേല്‍ത്തട്ടിലുള്ളവര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് 2012ലെ കണക്കുകള്‍ നിരത്തി റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top