തിരുവനന്തപുരത്ത് അനര്‍ഹര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആക്ഷേപം

തിരുവന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്ന വ്യാജേന വ്യാപകമായി അനര്‍ഹര്‍ തിരുവനന്തപുരത്ത് വാക്‌സിന്‍ സ്വീകരിച്ചതായി ആക്ഷേപം.അനര്‍ഹര്‍ വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് വിതരണം ചെയ്യാനുള്ള വാക്‌സിന് ക്ഷാമം അനുഭവപ്പെട്ടു.സ്വകാര്യ ആശുപത്രികളിലെ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനാണ് വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് ആരംഭിച്ചത്. ഒരാഴ്ചയിലേറെയായി തുടരുന്ന ക്യാമ്പില്‍ പ്രതിദിനം ആയിരത്തിലേറെ പേര്‍ വാക്സിനെടുത്ത് മടങ്ങി.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്ന വ്യാജേന ഡ്യൂട്ടിയില്ലാത്ത ജീവനക്കാരും വിരമിച്ച ജീവനക്കാരും മുതല്‍ സ്വകാര്യ വ്യക്തികള്‍ വരെ വാകിന്‍ എടുത്തു. ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെയെത്തിയാണ് പലരും വാക്സിന്‍ എടുത്തതെന്നാണ് ആക്ഷേപം. കൃത്യമായി രജിസ്ട്രേഷന്‍ ഒത്തുനോക്കാത്തതും അനര്‍ഹര്‍ കടന്നുകൂടാന്‍ ഇടയായി.

Top