‘ഷമി ഹീറോയാടാ ഹീറോ’; അഫ്ഗാനിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ, 11റണ്‍സിന്റെ ജയം

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 11റണ്‍സിന്റെ ജയം. 225 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

അവസാന ഓവറിലെ ഹാട്രിക്കടക്കം നാലു വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യയുടെ വിജയശില്പി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറ, ചഹാല്‍, പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. 52 റണ്‍സെടുത്ത മുഹമ്മദ് നബി അഫ്ഗാനിസ്ഥാനെ ജയത്തിനരികെ എത്തിച്ചെങ്കിലും അവസാന ഓവറില്‍ വീഴുകയായിരുന്നു.

നേരത്തെ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ.അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയും കേദാര്‍ ജാദവും മാത്രമാണ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പിടിച്ചുനിന്നത്. 63 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 67 റണ്‍സെടുത്ത കോലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. 68 പന്തുകള്‍ നേരിട്ട ജാദവ് 52 റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യയുടെ അഞ്ചു വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. എം.എസ് ധോനി (23), രോഹിത് ശര്‍മ (1), ലോകേഷ് രാഹുല്‍ (30), വിജയ് ശങ്കര്‍ (29), ഹാര്‍ദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

അഫ്ഗാനായി മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നയ്ബ് എന്നിവര്‍ രണ്ടും മുജീബുര്‍ റഹ്മാന്‍, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍, അഫ്താബ് അലം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Top