വ്യവസായികള്‍ക്ക് ആശ്വാസം;ലൈസന്‍സ് പിഴ ഇളവ് ചെയ്തു

dubai

ദുബായ്‌: രാഷ്ട്രപിതാവ് ശൈഖ് സായിദ് ആല്‍ നഹ്‌യാന്‍ വര്‍ഷാചരണത്തിലെ റമദാനില്‍ വ്യവസായ സമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്ന് പിഴകളില്‍ ഇളവു നല്‍കി രാജ്യം. യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും പ്രഖ്യാപിച്ച നിയമ പ്രകാരം ലൈസന്‍സ് പുതുക്കാത്തതിന്റെ പേരില്‍ ദുബായ്‌ ഇക്കണോമിക് ഡിപ്പാര്‍ട്ട്മന്റെ് ചുമത്തിയ പിഴകളെല്ലാം 2018 അവസാനം വരെ റദ്ദാക്കിയിട്ടുണ്ട്.

നിരവധി വ്യാപാരികള്‍ക്ക് ആശ്വാസകരമാവുന്ന പദ്ധതിയാണ് ഇത്. എല്ലാവരും ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും ഏറ്റവും സുഗമമായി വ്യവസായം നടത്താന്‍ കഴിയുന്ന ഇടം എന്ന ഖ്യാതി ഊട്ടി ഉറപ്പിക്കുന്ന നടപടിയായി ഈ തീരുമാനം മാറുമെന്നും ദുബായ്‌ ഇക്കണോമി ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി വ്യക്തമാക്കി. സാമ്പത്തിക വ്യവസായ വളര്‍ച്ചക്ക് ശക്തി പകരുന്ന തീരുമാനമാണിതെന്ന് ഡി.ഇ.ഡി ലൈസന്‍സിങ് വിഭാഗം സി.ഇ.ഒ ഉമര്‍ ബുഷഹാബ് പറഞ്ഞു.

24 മാസത്തിലേറെയായി ലൈസന്‍സ് കാലഹരണപ്പെടുകയും പുതുക്കാനോ, പിന്‍വലിക്കാനോ, ലിക്യുഡേഷനോ അപേക്ഷിച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പിഴകള്‍ റദ്ദാക്കാന്‍ അബുദാബിയും തീരുമാനിച്ചിട്ടുണ്ട്. അബുദാബിയിലെ വ്യവസായ അന്തരീക്ഷം കൂടുതല്‍ പ്രോത്‌സാഹനകരമാവാന്‍ ഇതു സഹായിക്കുമെന്ന് അബുദബി ഡി.ഇ.ഡി ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഖലീഫ ബിന്‍ സാലിം അല്‍ മന്‍സൂരി പറഞ്ഞു. അജ്മാന്‍, ഫുജൈറ തുടങ്ങിയ എമിറേറ്റുകളും നേരത്തെ ലൈസന്‍സ് ഫീസ് കുടിശിഖ ഇളവ് പ്രഖ്യാപിച്ചിരുന്നു.

Top