സ്വച്ഛ് സുര്‍വേക്ഷന്‍ 2020 പട്ടികയില്‍ നാലാം വര്‍ഷവും ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത്; ആദ്യ പത്തിലും കേരളമില്ല

ന്യൂഡല്‍ഹി: രാജ്യത്തെ സ്വച്ഛ് സുര്‍വേക്ഷന്‍ 2020 പട്ടികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി മധ്യപ്രദേശിലെ ഇന്‍ഡോര്‍. ആദ്യ പത്തില്‍ കേരളത്തില്‍ നിന്ന് ഒറ്റ നഗരം പോലും ഇടം പിടിച്ചില്ല. സ്വച്ഛ് ഭാരത് മിഷനാണ് സര്‍വേ ഫലം പുറത്ത് വിട്ടത്. ഗുജറാത്തിലെ സൂറത്ത്, മഹാരാഷ്ട്രയിലെ നവി മുംബൈ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയിലെ കരഡ് ഒന്നാം സ്ഥാനത്തെത്തി.

സസ്വദ്, ലോനോവാല നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 100ല്‍ കൂടുതല്‍ നഗരസഭകളുള്ള ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന നേട്ടം ഛത്തീസ്ഗഢിന് ലഭിച്ചു. 100ന് താഴെ നഗരസഭകളുള്ള ഏറ്റവും വൃത്തിയുള്ള സംസ്ഥാനമെന്ന നേട്ടം ജാര്‍ഖണ്ഡിനും ലഭിച്ചു. കൊവിഡ് വ്യാപനം കാരണമാണ് ഇത്തവണ സര്‍വേ ഫലം പുറത്തുവിടാന്‍ വൈകിയത്.

28 ദിവസമെടുത്ത് 4242 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. മാലിന്യ സംസ്‌കരണം, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജന നിര്‍മാര്‍ജനം തുടങ്ങിയവയായിരുന്നു പ്രധാന മാനദണ്ഡങ്ങള്‍. ഏറ്റവും വൃത്തിയുള്ള തലസ്ഥാന നഗരമെന്ന പുരസ്‌കാരം ഭോപ്പാലിന് ലഭിച്ചു. 3 മുതല്‍ 10 ലക്ഷം വരെ ജനസംഖ്യയുള്ള കാറ്റഗറിയില്‍ ഉജ്ജയിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള മെഗാ സിറ്റി അഹമ്മദാബാദാണ്. ഏറ്റവും വൃത്തിയുള്ള ഗംഗാ നഗരമെന്ന പുരസ്‌കാരം വരാണസിക്ക് ലഭിച്ചു.

Top