ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ഇന്തോനേഷ്യയിലെ മെരാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മെരാപി. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയർന്ന ചാരത്തിൽ എട്ടു ഗ്രാമങ്ങൾ പൂർണമായും മൂടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇന്തോനേഷ്യയുടെ സാംസ്‌കാരിക നഗരമെന്ന് അറിയപ്പെടുന്ന യോഗ്യകർതയുടെ 28 കിലോമീറ്റർ വടക്ക് മാറിയാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. 1548മുതൽ മെരാപി സ്ഥിരമായി പൊട്ടിത്തെറിക്കാറുണ്ട്.

പർവ്വതത്തിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2010ൽ മെരാപി പൊട്ടിത്തെറിച്ചപ്പോൾ 300ൽ കൂടുതൽ പേരാണ് കൊല്ലപ്പെട്ടത്. 28,0000 പേരെ മാറ്റി പാർപ്പിക്കേണ്ടിവന്നു.

1930ലാണ് മെരാപി പൊട്ടിത്തെറിച്ച് അതിഭീകര ദുരന്തമുണ്ടായത്. അന്ന് 1,300പേർ കൊല്ലപ്പെട്ടു. 1994ൽ ഉണ്ടായ പൊട്ടിത്തെറിയിൽ 60പേർ കൊല്ലപ്പെട്ടു. 130 സജീവ അഗ്നിപർവ്വതങ്ങളാണ് ഇന്തോനേഷ്യയിൽ ഉള്ളത്.

Top