കാണാതായ ഇന്തോനേഷ്യൻ അന്തർവാഹിനിക്കായി തെരച്ചില്‍ തുടരുന്നു

ജക്കാർത്ത: അപ്രത്യക്ഷമായ അന്തർവാഹിനിയ്ക്കായി ഇന്തോനേഷ്യയിലെ തെരച്ചിൽ രണ്ടാം ദിവസത്തിലും ഫലം കണ്ടിട്ടില്ല. 44 വർഷം പഴക്കമുള്ള കെ.ആർ.ഐ നാൻഗാലാ-402 എന്ന അന്തർവാഹിനിയാണ് കാണാതായത്. 53 സൈനികരുള്ള മുങ്ങിക്കപ്പിലിന്റെ തിരോധാനത്തിൽ മറ്റ് സമീപരാജ്യങ്ങളുടെ സഹായം ഇന്തോനേഷ്യ അഭ്യർത്ഥിച്ചിരിക്കുകയാണ്. ഓസ്ട്രേലിയ പസഫിക്കിലെ തെരച്ചിലിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാലി ദ്വീപിന് 96 കിലോമീറ്റർ മാറിയാണ് അന്തർവാഹിനി അപകടം നടന്നത്.

വിമാനങ്ങൾ നടത്തിയ നിരീക്ഷണത്തിൽ കടലിലെ ഏതോ ഒരു ഭാഗത്ത് എണ്ണപ്പാടം ദൃശ്യമായതായുള്ള വിവരമാണ് പുറത്തുവരുന്നത്. നിലവിൽ സംശയമുള്ള മേഖലയിൽ ഓസ്‌ട്രേലിയൻ നാവികസേനയുടെ രണ്ടു കപ്പലുകളാണ് തെരച്ചിൽ നടത്തുന്നത്. അപകടം സംഭവിച്ചിട്ടുണ്ടെങ്കിലും ഡീസലിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി 500 മീറ്റർ വരെ ആഴ്ത്തിൽ വരെ പ്രവർത്തിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതിനപ്പുറം പോയാൽ തിരികെ വരാനുള്ള സാദ്ധ്യത കുറവാണെന്ന മുന്നറിയിപ്പും നൽകുന്നു.

കപ്പലിനകത്ത് എന്തെങ്കിലും പൊട്ടിത്തെറിയുണ്ടായിക്കാണുമെന്നാണ് നിഗമനം. തുടർന്ന് വൈദ്യുതി ബന്ധം തകരാറിലായി കപ്പലിന്റെ പ്രവർത്തനം നിലച്ചുവെന്ന സംശയത്തിനാണ് മുൻതൂക്കം. കപ്പൽ അറുന്നൂറ് മീറ്ററിനപ്പുറത്തേക്ക് താണുപോയിരിക്കാമെന്നും നാവിക സേന സംശയിക്കുന്നു.

 

Top