കാണാതായ സ്ത്രീയുടെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി

ഇന്തോനേഷ്യ:കാണാതായ സ്ത്രീയുടെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. മുന ദ്വീപിലെ പെര്‍ഷ്യപന്‍ ഗ്രാമത്തില്‍ നിന്ന് കാണാതായ വാടിബ(54)ന്റെ മൃതദേഹമാണ് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയര്‍ കീറി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

തന്റെ പച്ചക്കറി തോട്ടത്തിലെ ജോലിക്കിടെ വ്യാഴാഴ്ചയാണ് വാ ടിബയെ കാണാതാവുന്നത്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇവര്‍ക്കായി പല സ്ഥലങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പച്ചക്കറി തോട്ടത്തിനരികിലായി വയര്‍ വീര്‍ത്ത നിലയില്‍ പെരുമ്പാമ്പ് കിടക്കുന്നത് കണ്ട് സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയതാവുമെന്ന് സംശയം തോന്നിയതിനാല്‍ അതിനെ കൊന്ന് വയറു കീറി നോക്കുകയായിരുന്നു.

ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും ആറു മീറ്റര്‍ നീളമുള്ള പെരുമ്പാമ്പുകളെ കാണുന്നത് സാധാരണമാണ്. ചെറിയ മൃഗങ്ങളെ ആക്രമിക്കുന്ന പെരുമ്പാമ്പ് മനുഷ്യനെ ഭക്ഷണമാക്കുന്നത് അപൂര്‍വ്വമാണ്.

Top