ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ ആരാധകനെ എതിര്‍ ടീം ആരാധകര്‍ മര്‍ദിച്ചുകൊലപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ ആരാധകനെ എതിര്‍ ടീം ആരാധകര്‍ മര്‍ദിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പതിനാറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച നടന്ന പെര്‍സിബ് ബാന്‍ഡങ് പെര്‍സിജ ജക്കാര്‍ത്ത മത്സരത്തിനിടെയാണ് സംഭവം. പെര്‍സിജ ജക്കാര്‍ത്തയുടെ ആരാധകനായ ഹരിങ്ക സിര്‍ല(23) ആണ് ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ മത്സരം നടന്ന പ്രധാന സ്റ്റേഡിയത്തിന് പുറത്തുവെച്ചാണ് ബാന്‍ഡങ് ആരാധകര്‍ സിര്‍ലയെ ഇരുമ്പുവടികളുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. 2012നുശേഷം ഇരു ടീമുകളും തമ്മിലുള്ള മത്സരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുന്ന ഏഴാമത്തെ ആരാധകനാണ് സിര്‍ല. സംഭവത്തില്‍ ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഖേദം പ്രകടിപ്പിച്ചു.

_9cb6d3c2-bfda-11e8-b1a0-a49c7cb48219

ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യയില്‍ അതിക്രമങ്ങള്‍ പതിവാണ്. ഈ വര്‍ഷം ജൂലൈയില്‍ നടന്ന എഎഫ്എഫ് കപ്പ് അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ മലേഷ്യ, ഇന്തോനേഷ്യയെ തോല്‍പ്പിച്ചതിനെത്തുടര്‍ന്ന് മലേഷ്യന്‍ കളിക്കാര്‍ക്കുനേരെ ഗ്യാലറിയില്‍ നിന്ന് കല്ലും കുപ്പികളും വലിച്ചെറിഞ്ഞിരുന്നു.

Top