പാരിസ്ഥിതിക പ്രശ്‌നം: തലസ്ഥാന നഗരി മാറ്റാനൊരുങ്ങി ഇന്തോനേഷ്യ

ജക്കാര്‍ത്ത: ജക്കാര്‍ത്തയ്ക്ക് പകരം പുതിയ തലസ്ഥാനത്തിനുള്ള സ്ഥലം പ്രഖ്യാപിച്ച് ഇന്ത്യോനേഷ്യ. മലിനീകരണം രൂക്ഷമായ ജക്കാര്‍ത്തയുടെ തലസ്ഥാന നഗരി ഇനിമുതല്‍ ബോര്‍നിയോയിലാകുമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു. ഭൂമി ഏറ്റെടുക്കല്‍ അടുത്ത വര്‍ഷം അരംഭിക്കുമെന്നും, 33 ബില്യണ്‍ ഡോളര്‍ ചെലവില്‍ ഒരുങ്ങുന്ന പുതിയ തലസ്ഥാന നഗരിയിലേക്ക് 2024 ല്‍ മാറാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ജനസംഖ്യ കൂടിയ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനം കനത്ത പ്രകൃതിക്ഷോഭങ്ങളുടെയും ഭൂമികുലുക്ക ഭീഷണിയുടെയും നടുവിലാണ്. പടിഞ്ഞാറുള്ള നിയുക്ത തലസ്ഥാന നഗരി പ്രകൃതിക്ഷോഭങ്ങള്‍ ഏറ്റവും കുറവ് സാധ്യതയുള്ള പ്രദേശമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, വനമായ ഇവിടം തലസ്ഥാന നഗരി ആകുന്നതോടെ ഇവിടുത്തെ പ്രകൃതി വിഭവങ്ങള്‍ നഷ്ടമാകുമെന്നും ജൈവ വൈവിധ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാകുമെന്നുമുള്ള ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

പുതിയ തീരുമാനത്തിന് അംഗീകാരം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഉടന്‍ സാധ്യതാ പഠനത്തിന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

Top