ഇന്ദിരാ ഗാന്ധി,അധോലോക നായകന്‍ കരിം ലാലയെ കണ്ടിരുന്നു; പിന്നില്‍ ബോളിവുഡ്?

സ്വാതന്ത്ര്യത്തിന് ശേഷം മുംബൈ അധോലോകത്തെ നിയന്ത്രിച്ച കരിം ലാല ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇതിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിനൊപ്പം കൂട്ടുകൂടിയ ശിവസേനയുടെ സഞ്ജയ് റൗത്തിനാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോക നായകന്‍ കരിം ലാലയെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നാണ് റൗത്ത് പ്രഖ്യാപിച്ചത്. പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നതോടെ ഇത് പിന്‍വലിക്കാനും ശിവസേന നേതാവ് തയ്യാറായി.

പത്മഭൂഷണ്‍ ജേതാവ് ഹൃദയ്‌നാഥ് ചതോപാധ്യായ്‌ക്കൊപ്പം ഇന്ദിരാ ഗാന്ധിയെ കാണുന്ന കരിം ലാലയുടെ ചിത്രമാണ് വിവാദങ്ങള്‍ക്ക് ആധാരം. 1970കളില്‍ സജീവമാകാന്‍ തുടങ്ങിയ ബോളിവുഡില്‍ കരിം ലാലയ്ക്ക് ശക്തമായ ആധിപത്യമുണ്ടായിരുന്നു. താരങ്ങളുടെ സാമ്പത്തിക തര്‍ക്കങ്ങള്‍ അധോലോക നായകന്റെ നേതൃത്വത്തിലാണ് ഒത്തുതീര്‍പ്പാക്കി വന്നിരുന്നത്. 1940കള്‍ മുതല്‍ 80കള്‍ വരെ മുംബൈ നഗരത്തെ കരിം ലാല ഭരിച്ചെന്ന് മുതിര്‍ന്ന ക്രൈം മാധ്യമപ്രവര്‍ത്തകന്‍ ബലിജീത്ത് പാര്‍മര്‍ ഓര്‍മ്മിക്കുന്നു.

രാഷ്ട്രപതി ഭവന്‍ കണ്ടിട്ടില്ലാത്ത കരിം ലാല ബോളിവുഡ് സൗഹൃദത്തെ ഇതിനായി ഉപയോഗിച്ചതാണെന്നാണ് പാര്‍മര്‍ പറയുന്നു. ഒരു പ്രധാനമന്ത്രിയെയും നേരില്‍ കണ്ടിരുന്നില്ല. ഇതിന് വേണ്ടിയാണ് ഹൃദയ്‌നാഥ് ചതോപാധ്യായ്‌ക്കൊപ്പം പത്മ അവാര്‍ഡ് ചടങ്ങിന് കരിം ലാലയും പോയത്. ഇന്ത്യയിലെ പത്താന്‍ വംശജരുടെ നേതാവെന്നാണ് ചതോപാധ്യായ് ഇന്ദിരാ ഗാന്ധിക്ക് ലാലയെ പരിചയപ്പെടുത്തിയത്.

ഇന്ദിരാ ഗാന്ധിയോട് മുംബൈയില്‍ വരുമ്പോള്‍ തന്നെ ഓര്‍മ്മിക്കണമെന്ന് കരിം ലാല പറഞ്ഞിരുന്നു. എന്നാല്‍ ഈ അവസരത്തില്‍ മാത്രമാണ് മുന്‍ പ്രധാനമന്ത്രി അധോലോക നായകനെ കണ്ടിട്ടുള്ളതെന്നാണ് പാര്‍മര്‍ വ്യക്തമാക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഹാജി മസ്താന്‍ ഉള്‍പ്പെടെയുള്ള അധോലോക നേതാക്കള്‍ ജയിലില്‍ പോയപ്പോള്‍ കരിം ലാലയെ ജയിലില്‍ അയച്ചില്ലെന്നതും കോണ്‍ഗ്രസിന് നേരെയുള്ള ആരോപണമാണ്.

Top