ബംഗ്ലദേശിൽ ഇന്ത്യൻ വിമാനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

russianflight

ബംഗ്ലദേശ് : ആരുടെ പ്രാർത്ഥനയുടെ ഫലമാണെന്നറിയില്ല, ബംഗ്ലദേശിലെ ധാക്കയിൽ ഇന്ത്യൻ വിമാനങ്ങൾ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇൻഡിഗോ എയർബസ് എ320വും എയർ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900ഡിയുമാണ് ആകാശത്തു നേർക്കു നേർ വന്നത്. ഇക്കഴിഞ്ഞ മെയ് രണ്ടിനായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഇരുവിമാനങ്ങളും നേർക്കു നേർ എത്തിയപ്പോൾ ഓട്ടമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് വൻ ദുരന്തമൊഴിവാക്കാൻ പൈലറ്റുമാരെ സഹായിച്ചത്. വിമാനങ്ങൾ തമ്മിൽ വെറും 700 മീറ്റർ മാത്രം വ്യത്യാസമുള്ളപ്പോഴാണ് അലർട്’ ലഭിച്ചത്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സാധാരണ ഗതിയിൽ വിമാനങ്ങൾ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട അകലം ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കൊൽക്കത്തയിൽ നിന്ന് അഗർത്തലയിലേക്കു പോകുകയായിരുന്ന ഇൻഡിഗോയുടെ 6ഇ892 വിമാനവും, അഗർത്തലയിൽ നിന്നു കൊൽക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു എയർ ഡെക്കാന്റെ ഡിഎൻ602 വിമാനവുമാണ് അപകടത്തിനരികെ എത്തിയത്. ലാൻഡിങ്ങിനൊരുങ്ങുകയായിരുന്ന എയർ ഡെക്കാന്റെ വിമാനം പറന്നുയരുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് സമീപം എത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലെ ട്രാഫിക് കൊളിഷൻ എവോയ്ഡൻസ് സിസ്റ്റത്തിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് ഇരുവിമാനത്തിലെയും പൈലറ്റുമാർ വിമാനം സുരക്ഷിത അകലത്തിലേക്കു മാറ്റുകയായിരുന്നു.

Top