നവീകരണം; ഇൻഡിഗോ എയർലൈനിന്റെ വെബ്‌സൈറ്റും മൊബൈൽ ആപ്പും കോൾ സെന്ററും ലഭിക്കില്ല

ദില്ലി: ഇൻഡിഗോ എയർലൈനിന്റെ വെബ്‌സൈറ്റും മൊബൈൽ ആപ്പും കോൾ സെന്ററും ഉപഭോക്താക്കൾക്ക് ഇന്ന് ലഭ്യമാകില്ല. ഷെഡ്യൂൾ ചെയ്ത നവീകരണ പ്രവർത്തനങ്ങൾ കാരണമാണ് ഇവ ലഭ്യമാകാത്തത് എന്ന് എയർലൈൻ അറിയിച്ചു.

വെബ്‌സൈറ്റും മൊബൈൽ ആപ്പും കോൾ സെന്ററും ബുധനാഴ്ച ഫ്ലൈറ്റ് മോഡിലായിരിക്കും. ഞങ്ങളുടെ സിസ്റ്റങ്ങൾ നവീകരിക്കുന്നതിന്റ ഭാഗമായാണ് തടസ്സം എന്ന് ഇൻഡിഗോ അറിയിച്ചു, അതേസമയം, ഈ കാലയളവിൽ എല്ലാ വിമാനത്താവളങ്ങളിലും തടസ്സമില്ലാത്ത ഫ്ലൈറ്റ് ഓപ്പറേഷനുകൾ എയർലൈൻ ഉറപ്പുനൽകിയിട്ടുണ്ട്. നവീകരണ സമയത്ത് സെൽഫ് ബാഗേജ് ഡ്രോപ്പ്, ഡിജി യാത്ര സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകില്ലെന്ന് എയർലൈൻ അറിയിച്ചു.

കനത്ത മൂടൽ മഞ്ഞ് കാരണം നിരവധി എയർലൈനുകൾ ഫ്ലൈറ്റുകൾ റദ്ദാക്കുന്നുണ്ട്. മാത്രമല്ല പല ഫ്ലൈറ്റുകളും വളരെ അധികം വൈകിയാണ് സർവീസ് നടത്തുന്നതും. തിങ്കളാഴ്ച, ഇൻഡി​ഗോ വിമാനം മണിക്കൂറുകളോളം വൈകിയതിനെ തുടർന്ന് യാത്രക്കാർ ടാർമാക്കിൽ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ഓൺലൈനിൽ വൈറലായതിനെ തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇൻഡിഗോ എയർലൈൻസിനും മുംബൈ എയർപോർട്ടിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്

ഗോവ-ദില്ലി വിമാനത്തിലെ യാത്രക്കാരാണ് ടാർമാക്കിലിരുന്ന് ഭക്ഷണം കഴിച്ചത്. 12 മണിക്കൂർ വൈകിയ വിമാനം പിന്നീട് മുംബൈയിലേക്ക് തിരിച്ചുവിട്ടെന്നും യാത്രക്കാർ എക്സിൽ കുറിച്ചു. അതേസമയം, യാത്രക്കാരോട് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇപ്പോൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കി.

Top