വാഹന നികുതി കുടിശ്ശിക അടച്ചു, കസ്റ്റഡിയിലെടുത്ത ഇൻഡിഗോ ബസ് വിട്ടുനൽകുമെന്ന് എംവിഡി

കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതിന് പിന്നാലെ കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി ഇൻഡിഗോ വിമാന കമ്പനി അടച്ചു തീർത്തു. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്. പിഴത്തുക ഉൾപ്പെടെ അടച്ച് തീർത്തതായി അറിയിച്ച മോട്ടോർ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി. ഇൻഡിഗോയുടെ രണ്ടു ബസുകളാണ് വാഹനനികുതി അടച്ചില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഒരു ബസ് ഇന്നലെ രാമനാട്ടുകരയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസിന് പിഴ സഹിതം അടക്കേണ്ടത് 37,000 രൂപയായിരുന്നു.

ഇൻഡിഗോ ബസുകൾക്കെതിരെ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇൻഡിഗോ യുടെ എത്ര വാഹനങ്ങൾ ഇത്തരത്തിൽ ഓടുന്നുണ്ട് എന്ന കണക്ക് മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്.

Top