സ്വദേശിവത്ക്കരണം; സൗദിയില്‍ വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം

soudi

റിയാദ്: സൗദി അറേബ്യയിലേക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തനൊരുങ്ങി തൊഴില്‍ മന്ത്രാലയം. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇതിനായി റിക്രൂട്ടിങ് രംഗത്തെ വിദഗ്ധ സ്ഥാപനവുമായി തൊഴില്‍ മന്ത്രാലയം കരാര്‍ ഒപ്പുവെക്കും.

ലോകത്ത് വിദേശ ജോലിക്കാരെ അവലംബിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും നാലാം സ്ഥാനത്താണ് സൗദി അറേബ്യ. ബ്രിട്ടന്‍, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് ശേഷമാണ് സൗദിയുടെ സ്ഥാനം. 70 ലക്ഷത്തിലധികം വിദേശികള്‍ സൗദിയില്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. 86 ശതമാനം കുടുംബങ്ങളിലും ഹൗസ് ഡ്രൈവര്‍മാരുണ്ട്. 68 ശതമാനം വീടുകളിലും വീട്ടു വേലക്കാരുമുണ്ട്. രാജ്യത്തെ വിദേശ ജോലിക്കാര്‍ വര്‍ഷത്തില്‍ 26 ശതകോടിയാണ് വേതനമായി പറ്റുന്നത്.

നേരത്തെ, ആയിരം റിക്രൂട്ടിങ് ഓഫീസുകളും 35 റിക്രൂട്ടിങ് കമ്പനികളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വദേശിവത്കരണം ഫലം കാണണമെങ്കില്‍ വിദേശ റിക്രൂട്ടിങ് കര്‍ശനമായി നിയന്ത്രിക്കണമെന്നതാണ് മന്ത്രാലയത്തിന്റെ നിലപാട്.

Top