ഒമാനിലെ ഇലക്ട്രിസിറ്റി മേഖലയിലും സ്വദേശിവത്കരണം

മസ്‌ക്കറ്റ്: സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള പുതിയ തീരുമാനവുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇലക്ട്രിസിറ്റി മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനാണ് പുതിയ തീരുമാനം. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 800 പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമാവും. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ടവരുമായി കരാറില്‍ ഒപ്പുവച്ചു.

800 ഒമാനി എഞ്ചിനീയര്‍മാര്‍ക്കും ടെകിനീഷ്യന്‍മാര്‍ക്കും തൊഴില്‍ കണ്ടെത്താന്‍ പുതിയ കരാറിലൂടെ സാധിക്കുമെന്ന് പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ഡോ. മന്‍സൂര്‍ താലിബ് അല്‍ ഹിനായ് അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ മേഖലയില്‍ പരിശീലനം നല്‍കാനും അതിനു ശേഷം സ്ഥിരം ജോലി നല്‍കാനുമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പ്രധാന പ്രൊഫഷനല്‍ ട്രെയിനിംഗ് ഏജന്‍സിയായ നമാ ഗ്രൂപ്പുമായി സഹകരിച്ചാണ് ഇവര്‍ക്ക് പരിശീലനം നല്‍കുക. ഇതിനുള്ള സാമ്പത്തിക സഹായം തൊഴില്‍ മന്ത്രാലയം നല്‍കും. ഇതുമായി ബന്ധപ്പെട്ട കരാറില്‍ തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് സാലിം മുസല്ലം അല്‍ ബുസൈദിയും നമാ ഗ്രൂപ്പ് സിഇഒ എഞ്ചിനീയര്‍ ഉമര്‍ ഖല്‍ഫാന്‍ അല്‍ വഹൈബിയും തമ്മില്‍ ഒപ്പുവച്ചു.

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാവുന്ന തീരുമാനമാണിത്. നിലവില്‍ ഇലക്ട്രിസിറ്റി മേഖലയില്‍ 47 ശതമാനം സ്വദേശികളാണ്. പുതിയ തീരുമാനം നടപ്പിലാവുന്നതോടെ ഇത് 90 ശതമാനമായി ഉയരും. നിലവില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ പിരിച്ചുവിട്ടാണ് പുതിയ തീരുമാനം നടപ്പിലാക്കുക.

 

Top