കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകനായേക്കുമെന്ന് സൂചന

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അനില്‍ കുംബ്ലെ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുന്‍ ദേശീയ താരം വിവിഎസ് ലക്ഷ്മണിനെയും ബിസിസിഐ മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ടി-20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരെ ബിസിസിഐ ഇതിനകം അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2016ല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ സ്ഥാനമൊഴിഞ്ഞു.

ഇരുവര്‍ക്കുമൊപ്പം ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോറിനെയും മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. രവി ശാസ്ത്രിക്കൊപ്പം ബൗളിംഗ്, ബാറ്റിംഗ് പരിശീലകരും സ്ഥാനമൊഴിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇപ്പോള്‍ റാത്തോര്‍ മുഖ്യപരിശീലകനായേക്കുമെന്ന സൂചനകള്‍ വരുന്നുണ്ട്. റാത്തോറുമായുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ അടുപ്പവും ഇതില്‍ നിര്‍ണായകമാവും.

 

Top