മേഘമലയിൽ നിന്നും അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായി സൂചന

ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ മേഘമലയിൽ തന്നെ. തമിഴ്നാട് വനമേഖലയിലാണ് നിലവിൽ അരിക്കൊമ്പൻ ഉള്ളത്. കേരള അതിർത്തിയിൽ നിന്നും എട്ട് കിലോ മീറ്ററോളം അകലെയാണ് കൊമ്പനുള്ളത്. അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായിട്ടാണ് സൂചന. അതേസമയം, അരിക്കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതായി വിവരം ഇല്ല.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്റെ നടപടി. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. തുറന്ന് വിട്ടതിന് പിന്നാലെ അരിക്കൊമ്പന്റെ സിഗ്നല്‍ ലഭിക്കാതെ വന്നത് വനംവകുപ്പിന് ആശങ്കയായിരുന്നു. പിന്നീട് മേഘമലയില്‍ നിന്നുള്ള തമിഴ്നാട് വനംവകുപ്പിന്റെ ഒരു സംഘം ഉള്‍കാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു.

അതിനിടെ കേരളം റേഡിയോ കോളര്‍ വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി തമിഴ്നാട് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ വീടിന്‍റെ കതക് തകര്‍ത്ത് കാട്ടാന അരി തിന്നത് അരിക്കൊമ്പനാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു. മേഘമലയ്ക്ക് സമീപമുള്ള ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് ആന തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകർത്തത്. കേരളത്തില്‍ ആളുകളെ കൊന്നിട്ടുള്ള പശ്ചാത്തലമുള്ള അരിക്കൊമ്പനെക്കുറിച്ച് തേനി കളക്ടര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഘമല ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്.

Top