ഇന്ത്യ-ദക്ഷിണാഫ്രിക്ക; ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ റദ്ദാക്കി

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ റദ്ദാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം.

ഈ മാസം 15ന് ലക്‌നൗവിലും 18ന് കൊല്‍ക്കത്തയിലും നടക്കേണ്ട രണ്ടും മൂന്നും ഏകദിനങ്ങള്‍ കാണികളെ പ്രവേശിപ്പിക്കാതെ നടത്തുമെന്നാണ് ബിസിസിഐ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം മാറ്റിയാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. ധരംശാലയില്‍ 12ന് നടക്കേണ്ടിയിരുന്ന ഒന്നാം ഏകദിനം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

നേരത്തെ, ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലും ബിസിസിഐ നീട്ടിയിരുന്നു. ഏപ്രില്‍ 15 വരെയാണ് ഐപിഎല്‍ നീട്ടിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് നിലവിലുള്ളതിനാല്‍ വിദേശ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. കേന്ദ്രസര്‍ക്കാരില്‍നിന്ന് പ്രത്യേകം നിര്‍ദ്ദേശം ലഭിച്ചതോടെ ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.

Top