ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ഇന്നുമുതൽ; ആദ്യ ഏകദിനം ഇന്ന് വൈകിട്ട്

ന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ഇന്ന് ആരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ നടക്കും. മലയാളി താരം സഞ്ജു സാംസൺ 16 അംഗ ടീമിലുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ശ്രീലങ്കക്കെതിരെയാണ് സഞ്ജു ആദ്യമായും അവസാനമായും കളിച്ച ഏകദിന മത്സരം. കളിയിൽ താരം 46 റൺസെടുത്ത് പുറത്തായിരുന്നു.

ശിഖർ ധവാൻ ക്യാപ്റ്റനും ഓപ്പണറുമാവും. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ എന്നീ മൂന്ന് ഓപ്പണർമാരിൽ ഒരാൾ ധവാനൊപ്പം ഇറങ്ങും. ശുഭ്മൻ ഗിൽ മൂന്നാം നമ്പറിലും ശ്രേയസ് അയ്യർ നാലാം നമ്പറിലും കളിച്ചേക്കും. ദീപക് ഹൂഡയോ സഞ്ജുവോ ആകും അഞ്ചാം നമ്പറിൽ കളിക്കുക. സൂര്യകുമാർ യാദവ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിച്ചേക്കും. അക്സർ പട്ടേലിനെയും പരിഗണിച്ചേക്കും. ശാർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ അല്ലെങ്കിൽ പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാർക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ ആവും സ്പിന്നർ.

ശക്തമായ ടീമിനെയാണ് വെസ്റ്റ് ഇൻഡീസ് അണിനിരത്തുക. ടീമിൽ തിരികെയെത്തിയ ജേസൻ ഹോൾഡർ അവസാന ഇലവനിൽ കളിക്കാനിടയുണ്ട്. കീമോ പോൾ പരുക്കിൽ നിന്ന് മുക്തനായെങ്കിലും താരം കളിച്ചേക്കില്ല. നിക്കോളാസ് പൂരാനാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ പ്രകടനം വിൻഡീസിന് ഏറെ നിർണായകമാവും.

Top