India’s tallest tricolour hoisted near Attari-Wagah Border: The Indian flag can be seen from Lahore in Pakistan

indian-flag

അമൃത്സര്‍: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇനി വാഗാഅതിര്‍ത്തിയില്‍ പാറിപ്പറക്കും.
ഇന്ത്യ-പാക് അതിര്‍ത്തിയായ അമൃത്സറിന് സമീപം അത്താരിയിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തിലെ അനാര്‍ക്കലി ബസാറില്‍നിന്നാല്‍ പോലും ഈ ഇന്ത്യന്‍ ദേശീയ പതാക കാണാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകക്കരയില്‍ സ്ഥാപിച്ച 301 അടി ഉയരമുള്ള ദേശീയ പതാകയായിരുന്നു ഇതുവരെ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള പതാകയായിരുന്നത്.

അതിര്‍ത്തിയില്‍ സ്ഥാപിച്ച പതാകയ്ക്ക് 120 അടി നീളവും 80 അടി വീതിയുമാണുള്ളത്. 360 അടി ഉയരമുള്ള കൊടിമരത്തിന് മുകളിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാറിയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

indian-flag

ഇത്രയും ഉയരത്തില്‍ ശക്തമായ കാറ്റിനെ പ്രതിരോധിക്കും വിധത്തിലാണ് പതാക നിര്‍മിച്ചിരിക്കുന്നത്. പാരച്യൂട്ട് നിര്‍മ്മിക്കുന്ന വസ്തു ഉപയോഗിച്ചാണ് 100 കിലോഗ്രാമോളം ഭാരമുള്ള ഈ പതാക നിര്‍മിച്ചിരിക്കുന്നത്.ഡല്‍ഹിയിലെ കുത്തബ്മിനാറിനേക്കാള്‍ ഉയരമുള്ള കൊടിമരത്തിന് 55 ടണ്‍ ഭാരമുണ്ട്.

രാത്രിയിലും വളരെ ദൂരെ നിന്ന് പോലും പതാക കാണുന്നതിന് കൊടിമരത്തില്‍ എല്‍ഇഡി, ഫള്ഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നാല് കോടി രൂപയാണ് പതാക സ്ഥാപിക്കുന്നതിന് ചിലവായത്. അമൃത്സര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് ആണ് ഇത് വഹിച്ചത്.എന്നാല്‍ പതാകയുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും നിര്‍വ്വഹിക്കുക അതിര്‍ത്തി രക്ഷാസേനയാണ്.

എന്നാല്‍, അതിര്‍ത്തിയില്‍ പതാക സ്ഥാപിച്ചതിനെതിരെ പാകിസ്താന്‍ രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിരീക്ഷണം നടത്തുന്നതിന് ഉയരമേറിയ ഈ കൊടിമരം ഇന്ത്യ ഉപയോഗിക്കുമെന്നാണ് പാകിസ്താന്‍ ഭയക്കുന്നത്. ഇന്ത്യയുടെ മണ്ണിലാണ് പതാക സ്ഥാപിച്ചിരിക്കുന്നതെന്നും ഒരു വിധത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരല്ല ഇതെന്നും ഇന്ത്യ വാദിക്കുന്നു.

Top