ചൈനയെ ‘വളയാന്‍’ ഇന്ത്യന്‍ തന്ത്രം ! ബ്രഹ്മോസ് ചൈനയുടെ ശത്രുക്കള്‍ക്ക്

ന്ത്യയെ വളയുവാന്‍ തന്ത്രമൊരുക്കുന്ന ചൈനയ്ക്ക് അതേ രൂപത്തില്‍ മറുപടി നല്‍കി ഇന്ത്യ. ശ്രീലങ്കയെയും നേപ്പാളിനെയും ഒപ്പം നിര്‍ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിനെതിരായ ചുട്ട മറുപടിയാണിത്. ഇപ്പോള്‍ തന്നെ ഇന്ത്യയ്‌ക്കെതിരായ നിലപാട് സ്വീകരിക്കില്ലന്ന് ശ്രീലങ്ക വ്യക്തമാക്കി കഴിഞ്ഞു. നേപ്പാളും പുതിയ നിലപാടില്‍ നിന്നും ഏറെ പിന്നോട്ട് പോയിട്ടുണ്ട്. ഇന്ത്യയുടെ ‘ഭാവം’ മാറുമെന്ന ഭയമാണ് ഈ പിന്നോട്ട് പോക്കിന് പ്രധാന കാരണം.

നേപ്പാള്‍ സൈന്യത്തില്‍ പോലും ഇന്ത്യന്‍ അനുകൂല നിലപാട് ശക്തമാണ്. ഒരു സൈനിക അട്ടിമറിയെ പോലും നേപ്പാള്‍ ഭരണകൂടം ഇപ്പോള്‍ ശരിക്കും ഭയക്കുന്നുണ്ട്. ചൈന പാക്കിസ്ഥാനുമായുണ്ടാക്കിയ സഖ്യത്തെ നേരിടാന്‍ തന്ത്രപരമായ ഇടപെടലാണ് ഇപ്പോള്‍ ഇന്ത്യ നടത്തിയിരിക്കുന്നത്. ശത്രുവിന്റെ തന്ത്രങ്ങളെ അതേ രൂപത്തില്‍ തന്നെ നേരിടുന്ന തന്ത്രമാണിത്.

ചൈനയുടെ എതിരാളികള്‍ക്ക് ബ്രഹ്‌മോസ് മിസൈല്‍ വില്‍ക്കാനാണ് ഇന്ത്യയുടെ നീക്കം. ഗുണമേന്മയിലും പ്രഹര ശേഷിയിലും മികച്ച ആക്രമണകാരിയാണ് ഈ മിസൈല്‍. ഇന്ത്യ – റഷ്യ സംയുക്ത സംരംഭത്തില്‍ നിര്‍മ്മിച്ച ബ്രഹ്‌മോസ് ഇന്ത്യയുടെ അഭിമാനം കൂടിയാണ്. യുദ്ധവിമാനങ്ങള്‍, യുദ്ധകപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയില്‍ ഘടിപ്പിക്കാവുന്ന മിസൈലുകളാണിത്. ലക്ഷ്യമിടുന്ന സ്ഥലങ്ങള്‍ ചാരമാക്കാനുള്ള ബ്രഹ്മോസിന്റെ കഴിവ് ലോക രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്. ഈ മിസൈല്‍ ആഗ്രഹിക്കാത്ത രാജ്യങ്ങള്‍ ഇല്ല എന്നു തന്നെ പറയേണ്ടി വരും.

നിലവിലെ സാഹചര്യത്തില്‍ വിയറ്റ്നാമിന് പുറമെ ഇന്തോനേഷ്യയുമായും ഫിലിപ്പീന്‍സുമായും യു.എ.ഇയുമായും ഇന്ത്യ കരാറില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍, ബ്രഹ്മോസ് ലഭിക്കുന്നതിന് നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അന്നൊന്നും ഇന്ത്യ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. മാറിയ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നത്. ചൈനാകടലിടുക്കിലെ ചൈനയുടെ കയ്യേറ്റ ശ്രമങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് കൂടി ബ്രഹ്മോസ് ലഭിക്കുന്നത് ചൈനയ്ക്കും ഇനി വന്‍ വെല്ലുവിളിയാകും.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളെ കൂട്ട് പിടിക്കുന്നതിനുള്ള ശക്തമായ മറുപടി കൂടിയാണിത്. പാകിസ്ഥാന് ഏറ്റവും നൂതനമായ യുദ്ധക്കപ്പല്‍ ചൈന ഇനി നല്‍കിയാലും അത് തകര്‍ക്കാന്‍ ബ്രഹ്‌മോസിന് നിഷ്പ്രയാസം കഴിയും. അടുത്ത വര്‍ഷം അവസാനത്തോടെ സമാനമായ മൂന്ന് യുദ്ധക്കപ്പലുകള്‍ കൂടി പാക്കിസ്ഥാന് നല്‍കാനാണ് ചൈനയുടെ പദ്ധതി. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനെ പടച്ചട്ടയണിയിച്ച് മുന്നില്‍ നിര്‍ത്താമെന്ന കണക്കു കൂട്ടലിലാണ് ഈ നീക്കങ്ങളെല്ലാം. ഇതിനുള്ള മറുപടി കൂടിയാണ് ബ്രഹ്മോസിന്റെ കയറ്റുമതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന രീതിയാണിത്. ചൈനയുടെ എതിരാളികളുടെ കയ്യില്‍ ബ്രഹ്മോസ് എത്തുന്നത് ചൈന വിരുദ്ധ ചേരിക്കാണ് കരുത്ത് പകരുക. ദേശീയ മാധ്യമങ്ങളടക്കം വളരെ പ്രാധാന്യത്തോടെ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അതുകൊണ്ടാണ്.

Top