ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് സ്മൃതി മന്ഥന; കെഐഎ ലീഗില്‍ അതിവേഗ അര്‍ധസെഞ്ചുറി

ടോണ്ടന്‍: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ അതിവേഗ അര്‍ധസെഞ്ചുറി സ്വന്തമാക്കി ഇന്ത്യന്‍ താരം സ്മൃതി മന്ഥന. ഞായറാഴ്ച നടന്ന കെഐഎ സൂപ്പര്‍ ലീഗ് (കെഎസ്എല്‍) മല്‍സരത്തിലാണ് മന്ഥന 18 പന്തില്‍ അര്‍ധസെഞ്ചുറി നേടിയത്.

ഇംഗ്ലണ്ടിലെ പ്രീമിയര്‍ വനിതാ ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റില്‍ ലഫ്ബറോ ലൈറ്റ്‌നിങ്ങിനെതിരെ വെസ്റ്റേണ്‍ സ്റ്റോമിനുവേണ്ടിയായിരുന്നു മന്ഥനയുടെ തകര്‍പ്പന്‍ ബാറ്റിംഗ്.

അഞ്ചു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെയാണ് മന്ഥന അര്‍ധസെഞ്ചുറിയിലേക്കെത്തിയത്. കെഎസ്എല്ലില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമായും സ്മൃതി മാറി. ഒന്‍പതു വീതം സിക്‌സ് നേടിയ സ്റ്റെഫാനി, റേച്ചല്‍ പ്രീസ്റ്റ് എന്നിവരുടെ റെക്കോര്‍ഡാണ് സ്മൃതി വെറും മൂന്ന് ഇന്നിങ്‌സുകളില്‍ തകര്‍ത്തെറിഞ്ഞത്.

2017ലെ ഐസിസി വനിതാ ലോകകപ്പിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ താരമായി മാറിയ സ്മൃതി മന്ഥന ഈ വര്‍ഷം കുറിക്കുന്ന മൂന്നാമത്ത അതിവേഗ അര്‍ധസെഞ്ചുറി കൂടിയാണിത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 30 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ മന്ഥന, ഇംഗ്ലണ്ടിനെതിരെ 25 പന്തിലാണ് അര്‍ധസെഞ്ചുറി നേടിയത്.

അതിനു പിന്നാലെയാണ് ഇംഗ്ലണ്ടിനെ ആഭ്യന്തര ലീഗില്‍ റെക്കോര്‍ഡ് പ്രകടനം കാഴ്ചവച്ചത്.

ഇതുവരെ 42 രാജ്യാന്തര ട്വന്റി20 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള മന്ഥന 857 റണ്‍സ് നേടിയിട്ടുണ്ട്. 76 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Top