India’s shot put player failed to WADA test

ന്യൂഡല്‍ഹി: ഗുസ്തി താരം നര്‍സിംഗ് പഞ്ചിംഗ് യാദവിനു പിന്നാലെ ഒരു ഇന്ത്യന്‍ താരം കൂടി ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ദര്‍ജീത് സിംങാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ ഇന്ദര്‍ജീത് സിംങിന്റെ റിയോ ഒളിമ്പിക്‌സ് സാധ്യത മങ്ങി.

ജൂണ്‍ 22ന് നടത്തിയ ഉത്തേജകമരുന്നു പരിശോധനയിലാണ് ഇന്ദര്‍ജീത് സിംഗ് പരാജയപ്പെട്ടത്. പരിശോധനയില്‍ 28കാരനായ താരം നിരോധിച്ച സ്റ്റെറോയിഡ് ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2015ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുള്ള ഇന്ദര്‍ജീത് സിംങ് ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിച്ച താരമായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന നര്‍സിംഗ് പഞ്ചിംഗ് യാദവ് ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടത്. ഒളിമ്പിക് ഗുസ്തിയില്‍ 74 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈലില്‍ മത്സരിക്കേണ്ടിയിരുന്ന നര്‍സിംഗ് സാമ്പിളുകളുടെ എ, ബി പരിശോധനകളില്‍ പരാജയപ്പെടുകയായിരുന്നു.

Top