ഏഷ്യയിലെ സമ്പന്നയായ വനിതയായി ഇന്ത്യയുടെ സാവിത്രി ജിൻഡാൽ

ഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യക്കാരിയായ സാവിത്രി ജിൻഡാൽ. അടുത്തിടെ ‘ബ്ലൂംബെർഗ്’ പുറത്തുവിട്ട പട്ടികയിലാണ് സാവിത്രിയുടെ ഈ നേട്ടം. ഇന്ത്യയിലെ സ്റ്റീൽ ഉൽപാദകരിൽ മൂന്നാം സ്ഥാനത്തുള്ള ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവിയാണ് സാവിത്രി. 1130 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് സാവിത്രിക്ക് ഉള്ളതെന്ന് എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. സാവിത്രി ജിൻഡാൽ രാഷ്ട്രീയത്തിലും സജീവമാണ്. കോൺഗ്രസ് അംഗമായ സാവിത്രി മുൻ ഹരിയാന മന്ത്രിയുമാണ്.

ഇൻഡസ്ട്രിയൽ ഗ്യാസ്, ഖനനം ഊർജോൽപാദനം എന്നീ മേഖലകളിലും വ്യാപിച്ചു കിടക്കുന്നതാണ് ജിൻഡാൽ ഗ്രൂപ്പ്. 2005ൽ ഭർത്താവ് ഓം പ്രകാശ് ജിൻഡാലിന്റെ മരണശേഷമാണ് സാവിത്രി ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തത്. സാവിത്രി തന്റെ 72ാം വയസ്സിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികയായ സ്ത്രീയായി ഉയർന്നപ്പോൾ അഞ്ചു വർഷമായി ഈ സ്ഥാനം അലങ്കരിച്ചിരുന്ന ചൈനയുടെ ‘റിയൽ എസ്റ്റേറ്റ് റാണി’ യാങ് ഹുയാൻ കടപുഴകി വീഴുകയായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖല അടക്കി വാണ യാങ് ഹുയാന്റെ പതനം ചൈനയുടെ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സാമ്പത്തിക പ്രതിസന്ധി ലോകത്തെയാകെ ബാധിച്ചു തുടങ്ങിയ നിലവിലെ സാഹചര്യത്തിൽ ചൈനയുടെ പല മേഖലകളും തകർന്നടിഞ്ഞ അവസ്ഥയിലാണ്. ചൈനയിലെ ഏറ്റവും സമ്പത്തുള്ള വനിതയുടെ സ്വത്തു വരെ ‘അപഹരിക്കും’ വിധമാണ് പ്രതിസന്ധി ശക്തമായിരിക്കുന്നത്. അവർക്കു നഷ്ടമായത് ശതകോടികളാണ്. അതേ സമയം സാവിത്രിയാകട്ടെ വളരെ കൃത്യമായ ‘ഇന്ത്യൻ സ്റ്റൈൽ’ മുന്നേറ്റത്തിലൂടെ വരുമാനം വർധിപ്പിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.

Top