ലങ്കയുടെ തലയില്‍ തന്നെവെച്ച് ഇന്ത്യയുടെ പ്രതികാരം

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ കിരീട നേട്ടത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയാകുന്നത് ഒരു പ്രതികാരത്തിന്റെ കഥയാണ് . ഫൈനലില്‍ മികച്ചൊരു പോരാട്ടം പ്രതീക്ഷിച്ചെത്തിയവരെ ഞെട്ടിക്കുന്നതായിരുന്നു ഇന്ത്യയുടെ, പ്രത്യേകിച്ചും മുഹമ്മദ് സിറാജിന്റെ ബൗളിങ്. എന്നാല്‍ സിറാജ് ന്യൂ ബോളില്‍ പിച്ച് സമ്മാനിച്ച സകല ആനുകൂല്യവും മുതലാക്കിയതോടെ ഒരു ഘട്ടത്തില്‍ 5.4 ഓവറില്‍ 12 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ലങ്ക, ഒടുവില്‍ വെറും 50 റണ്‍സിന് കൂടാരം കയറി. 21 റണ്‍സ് വഴങ്ങി സിറാജ് വീഴ്ത്തിയത് ആറ് പ്രധാന ലങ്കന്‍ വിക്കറ്റുകള്‍. പിന്നാലെ വെറും 37 പന്തുകളില്‍ ഇന്ത്യ ജയത്തിലേക്കും കിരീടത്തിലേക്കും കുതിച്ചെത്തി.

23 വര്‍ഷങ്ങള്‍ക്കിപ്പുറം ആ ലങ്കയെ മറ്റൊരു മേജര്‍ ഫൈനലില്‍ 50 റണ്‍സിന് പുറത്താക്കി പകരംവീട്ടിയിരിക്കുകയാണ് ഇന്ത്യ. ഒരു ഏകദിന ടൂര്‍ണമെന്റ് ഫൈനലിലെ ഏറ്റവും വലിയ തോല്‍വി 2000-ല്‍ ഇന്ത്യ 54 റണ്‍സിന് പുറത്തായതായിരുന്നു. ഇപ്പോള്‍ ആ നാണക്കേട് ഏഷ്യാ കപ്പ് ഫൈനലില്‍ 50 റണ്‍സിന് പുറത്തായ ലങ്കയുടെ തലയില്‍ തന്നെ വെയ്ക്കാനും ഇന്ത്യയ്ക്കായി. ബാക്കിവന്ന പന്തുകളുടെ കണക്കില്‍ ഒരു ഏകദിന ഫൈനലിലെ ഏറ്റവും വലിയ വിജയമെന്ന റെക്കോഡും ഇന്ത്യ കുറിച്ചു ഞായറാഴ്ച 263 പന്തുകള്‍ ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ ജയം. 2003-ല്‍ സിഡ്നിയില്‍ ഇംഗ്ലണ്ടിനെതിരെ 226 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയിച്ച ഓസ്ട്രേലിയയുടെ റെക്കോഡാണ് ഇന്ത്യ തിരുത്തിയത്.

ഷാര്‍ജയില്‍ 2000 ഒക്ടോബറില്‍ ഇന്ത്യയും ശ്രീലങ്കയും സിംബാബ്വെയും അണിനിരന്ന കൊക്കക്കോള ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 54 റണ്‍സിന് ലങ്ക ഓള്‍ഔട്ടാക്കിയിരുന്നു. അന്ന് 245 റണ്‍സിന്റെ വമ്പന്‍ ജയത്തോടെയായിരുന്നു ലങ്കന്‍ ടീമിന്റെ കിരീടധാരണം. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വികളിലൊന്നായിരുന്നു അത്. വെറും 14 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചാമിന്ദ വാസിന്റെ മികവിലായിരുന്നു ലങ്ക ഇന്ത്യന്‍ ടീമിനെ തരിപ്പണമാക്കിയത്.

 

Top